ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യസന്ദര്‍ശനം മുടങ്ങിയത് വിവാദത്തില്‍.

 

അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലും മ്യാന്മറിലും പോപ്പ് അടുത്തയാഴ്ച എത്തുന്നുണ്ട്. ഇന്ത്യസന്ദര്‍ശനത്തിന് മാര്‍പാപ്പ താല്‍പര്യം കാണിച്ചെങ്കിലും മോദിസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചില്ല. സംഘ്പരിവാര്‍ സംഘടനകളുടെ കടുത്ത എതിര്‍പ്പിനെതുടര്‍ന്നാണിത്. ഇക്കാര്യത്തില്‍ റോമും ഇന്ത്യയിലെ കത്തോലിക്കസഭകളും കടുത്ത അമര്‍ഷത്തിലാണ്.

ഈ മാസം 27 മുതല്‍ ഡിസംബര്‍ രണ്ടുവരെ മാര്‍പാപ്പ ആദ്യമായി നടത്തുന്ന ദക്ഷിണേഷ്യന്‍യാത്രയില്‍ പ്രധാനരാജ്യമായി കണ്ടിരുന്നത് ഇന്ത്യയെയാണ്. ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങെളക്കാള്‍ കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിലും ഇന്ത്യ സന്ദര്‍ശിക്കുന്നതിനാണ് പോപ്പ് കൂടുതല്‍ താല്‍പര്യം കാണിച്ചിരുന്നത്. 2017ലെ പ്രധാന സന്ദര്‍ശന ഇടമായി ഇന്ത്യയും കൂടെ ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളുമാണ് ഉദ്ദേശിച്ചിരുന്നത്. മാര്‍പാപ്പയെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കുന്നതിന് ക്രൈസ്തവസഭ നേതാക്കളും സമ്മര്‍ദം ചെലുത്തിയിരുന്നു.

എന്നാല്‍, ‘ഘര്‍വാപസി’ മുദ്രാവാക്യം ഉയര്‍ത്തുന്ന സംഘ്പരിവാര്‍ സംഘടനകള്‍ക്കാണ് മോദിസര്‍ക്കാര്‍ വഴങ്ങിയത്. 1999ല്‍ േജാണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഇന്ത്യസന്ദര്‍ശനത്തെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു. ക്രൈസ്തവസഭ വ്യാപകമായ മതംമാറ്റം നടത്തിവരുന്നതിനാല്‍, പോപ്പിനെ ഇന്ത്യയിലേക്ക് ആനയിക്കരുതെന്നാണ് അവരുടെ അന്നത്തെയും ഇന്നത്തെയും വാദം.

ഒരു പരമാധികാരരാജ്യത്തിന്റെ ഭരണത്തലവന്‍ കൂടിയാണ് മാര്‍പാപ്പ എന്നിരിക്കെ, നയതന്ത്രബന്ധങ്ങള്‍ മാനിക്കാനും മോദിസര്‍ക്കാര്‍ തയാറായില്ല. ഇനി അടുത്ത രണ്ടുവര്‍ഷത്തേക്ക് പോപ്പ് ഇന്ത്യ സന്ദര്‍ശിക്കാനിടയില്ല. 29ന് യാംഗോനില്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന കുര്‍ബാനയില്‍ ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രധാന സഹായിയാകുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്.

പോപ്പ് ഇന്ത്യ സന്ദര്‍ശിക്കാതെ മടങ്ങുന്നതിന് റോമില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വ്യക്തമായ ഔദ്യോഗികവിശദീകരണമില്ല. നയതന്ത്ര ബന്ധങ്ങള്‍ക്ക് വ്യവസ്ഥാപിതസംവിധാനമുണ്ടെന്നും, അതനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാവുന്ന മുറക്കാണ് ഭരണകര്‍ത്താക്കള്‍ സന്ദര്‍ശനം നടത്തുന്നതെന്നും വിദേശകാര്യവക്താവ് രവീഷ്‌കുമാര്‍ വിശദീകരിച്ചു. ഇന്ത്യക്ക് ക്രിസ്തുമതവുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ക്രൈസ്തവര്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ഡല്‍ഹി-റോം ബന്ധം സൗഹാര്‍ദപരമായി ശക്തിപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: