ഫ്രാന്‍സിലെ മഞ്ഞക്കോട്ട് പ്രക്ഷോഭം ശക്തം: നികുതി കുറയ്ക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാര്‍

ഫ്രാന്‍സിലെ മഞ്ഞക്കോട്ടുകാര്‍ പ്രക്ഷോഭം ശക്തമായി തുടരുന്നു. ഇന്ധന നികുതി വര്‍ദ്ധന, വാഹന നികുതി അടക്കമുള്ള പ്രശ്നങ്ങളില്‍ തുടങ്ങിയ പ്രക്ഷോഭം പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരായ വലിയ രാജ്യവ്യാപക പ്രക്ഷോഭമായി പടരുകയായിരുന്നു. മക്രോണ്‍ രാജി വയ്ക്കണമെന്ന ആവശ്യം പ്രക്ഷോഭകാരികള്‍ ഉന്നയിക്കുന്നുണ്ട്. എട്ടാഴ്ച മുമ്പ് തുടങ്ങിയ പ്രതിഷേധത്തിന്റെ ഭാഗമായി പാരീസിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വലിയ തോതില്‍ അക്രമസംഭവങ്ങളുണ്ടായിരുന്നു. പാരീസില്‍ ഫ്രഞ്ച് പാര്‍ലമെന്റായി അസംബ്ലീ നാഷണേലിന്റെ (നാഷണല്‍ അസംബ്ലി) സമീപത്തേയ്ക്ക് മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാരെ ഫ്രഞ്ച് ഗവണ്‍മെന്റ് തടഞ്ഞു. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സീന്‍ നദിയിലെ ബോട്ട് റസ്റ്റോറന്റിന് പ്രതിഷേധക്കാര്‍ തീയീട്ടു. നിരവധി ഇരുചക്ര വാഹനങ്ങള്‍ കത്തിച്ചു.

പാരീസില്‍ മാത്രം നാലായിരത്തിനടുത്ത് പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായതായും ഫ്രാന്‍സില്‍ ആകെ 25,000ത്തിനടുത്ത് പേര്‍ പങ്കെടുത്തതായും അധികൃതര്‍ പറയുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമരക്കാര്‍ നിയമം ലംഘിക്കരുത് എന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആഭ്യന്തര മന്ത്രി ക്രിസ്റ്റൊഫെ കസ്റ്റാനര്‍ അഭ്യര്‍ത്ഥിച്ചു. പാരീസിന് പുറമെ ലിയോണ്‍, ടുളൂസ്, ബോര്‍ഡോക്സ്, റൗണ്‍, മോണ്ട്പെല്ലിയര്‍, മാഴ്സെയ്ല്‍ തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടങ്ങള്‍ നടന്നു. പലയിടങ്ങളിലും പ്രധാന ഹൈവേകളിലടക്കം പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തി.

ദേശീയ സംവാദത്തിന് പ്രതിഷേധക്കാരെ പ്രസിഡന്റ് മക്രോണ്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷണം മഞ്ഞക്കോട്ടുകാര്‍ തള്ളിക്കളഞ്ഞു. ഈ ക്ഷണം ഒരു രാഷ്ട്രീയ കെണിയാണ് എന്നാണ് അവരുടെ അഭിപ്രായം. ഒരു തുറന്ന കത്തും പ്രതിഷേധക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാരെ വിലയില്ലാതെ പരിഗണിച്ചാല്‍ പ്രതിഷേധം വെറുപ്പായി മാറുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. അവശ്യസാധനങ്ങളുടെയെല്ലാം നികുതി കുറയ്ക്കണമെന്ന് മഞ്ഞക്കോട്ടുകാര്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടേയും ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടേയും പ്രിവിലേജുകള്‍ കുറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: