ഫ്രാന്‍സിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവെപ്പ്; മൂന്നുമരണം

പാരിസ്: ഫ്രാന്‍സിലെ സ്ട്രാസ്ബോര്‍ഗില്‍ നഗരത്തിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവയ്പ്പ്. കുറഞ്ഞത് മൂന്നുപേര്‍ക്കെങ്കിലും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടാവാമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഭീകരാക്രമണമാണെന്ന് സൂചന ഉണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇരുപത്തൊമ്പതുകാരനായ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടുന്നതിന്റെ ഭാഗമായി പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതായും പോലീസ് അറിയിച്ചിട്ടുണ്ട്. ന്യൂഡോര്‍ഫ്, എറ്റൈ്വല്‍ പാര്‍ക്ക് മേഖലയിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശം നല്‍കി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തായ് ലാന്റ് സ്വദേശിയാണെന്നാണ് വിവരം. മാര്‍ക്കറ്റിലെ റസ്റ്റോറന്റിന് സമീപം വച്ച് തലയ്ക്ക് വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായും ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നതു കണ്ടെന്നും പ്രാദേശിക കച്ചവടക്കാരനെ ഉദ്ധരിച്ച് ബി എഫ് എം ടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മുന്നോളം സ്ഥലങ്ങളില്‍ വച്ച് വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായി മാര്‍ക്കറ്റല്‍ ഉണ്ടായിരുന്നവരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്നൂറ്റി അന്‍പതോളം സുരക്ഷ ഉദ്യോഗസ്ഥരും രണ്ട് ഹെലികോപ്ടറുകളുമടങ്ങുന്ന സംഘം തിരച്ചിലിനായി രംഗത്തെത്തിയിട്ടുണ്ട്.

 

Share this news

Leave a Reply

%d bloggers like this: