ഫ്രാന്‍സിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ; പുരാതന ദേവാലയം പൂര്‍ണമായും കത്തിനശിച്ചു.

പാരീസ്: 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാരീസിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. പാരീസിലെ മുഖ്യ അകര്‍ഷണങ്ങളില്‍ ഒന്നായ നോത്രദാം കത്തീഡ്രലിന് തീപ്പിടിത്തത്തില്‍ സാരമായ കേടുപാടുകള്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തില്‍ ദേവാലയത്തിന്‍ മേല്‍ക്കൂര തകര്‍ന്നു. എന്നാല്‍ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീയണച്ചു. തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ളതും 850 വര്‍ഷം പഴക്കമുള്ളതുമായ ദേവാലയത്തിന്റെ മേല്‍ക്കൂരയിലാണ് അഗ്നിബാധയുണ്ടായത്. ഇത് പിന്നീട് ഗോപുരത്തിലേക്കു പടരുകയായിരുന്നു. ഗോപുരം പൂര്‍ണമായി കത്തിനശിച്ചു. പ്രധാന കെട്ടിടത്തെ തീയേല്‍ക്കാതെ സംരക്ഷിക്കാന്‍ കഴിഞ്ഞു. കത്തീഡ്രലില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.

1163ല്‍ നിര്‍മാണം ആരംഭിച്ച് 1345ല്‍ പൂര്‍ത്തിയാക്കിയതാണ് നോത്രദാം കത്തീഡ്രല്‍. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ സുപ്രധാനമായ പങ്കാണ് ദേവാലയത്തിനുള്ളത്. ഇന്നലെ വൈകുന്നേരും പ്രാദേശിക സമയം 6.30 ഓടെയാണ് അഗ്നിബാധ അരംഭിച്ചത്. അതിവേഗം പടര്‍ന്ന തീ ദേവാലത്തിന്റെ മേല്‍ക്കൂരയിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

അഗ്നിബാധയെ തുടര്‍ന്ന് പരിസരങ്ങളിലെ കെട്ടിടങ്ങളില്‍ നിന്നും മറ്റും ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിക്കുകയും കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലീസ് അടയ്ക്കുകയും ചെയ്തിരുന്നു. കത്തീഡ്രലിലെ അമൂല്യ വസ്തുക്കള്‍ക്ക് കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്നും ഗോപുരം ഉടന്‍ പുനര്‍ നിര്‍മിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചു.

അമൂല്യമായ പല വസ്തുക്കളും ഈ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശില്‍ തറയ്ക്കാനുപയോഗിച്ച ആണികളില്‍ ഒന്ന്, യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം, 1270ല്‍ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനുമായ ലൂയിസിന്റെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയ വിശുദ്ധ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവ അടക്കമുള്ള എല്ലാ അമൂല്യ വസ്തുക്കളും സുരക്ഷിതമാണെന്ന് പാരീസ് മേയര്‍ അറിയിച്ചു.

വിശുദ്ധ തിരുശേഷിപ്പുകള്‍ക്ക് പുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിങ്ങുകളും കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ എത്രയെണ്ണം സുരക്ഷിതമാണെന്ന് വ്യക്തമല്ല. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നോത്രദാം കത്തീഡ്രല്‍.

ഫ്രഞ്ച് ഗോഥിക് നിര്‍മാണ ശൈലിയുടെ ഏറ്റവും മഹത്തായ ഉദാഹരണമാണ് നോത്രദാം പള്ളി. 1163 ല്‍ ലൂയിസ് ഏഴാമന്‍ രാജാവ് നിര്‍മാണമാരംഭിച്ച പള്ളിയുടെ പണി പൂര്‍ത്തിയായത് 1260 ലാണ്. 1790 ല്‍ ഫ്രഞ്ച് വിപ്ലവ സമയത്ത് ഈ ദൈവാലയത്തിലെ നിരവധി വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പാരീസിന്റേയും ഫ്രാന്‍സിന്റേയും ഒരു പ്രധാന അടയാളമായിരുന്നു നോത്രദാം പള്ളി. 1831ല്‍ വിക്ടര്‍ ഹ്യൂഗോയുടെ നോത്രദാമിലെ കൂനന്‍ എന്ന നോവല്‍ പുറത്തു വന്നതോടെ പള്ളി ലോകമെമ്പാടും ഏറെ പ്രശസ്തമായി.

Share this news

Leave a Reply

%d bloggers like this: