ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കുന്നു; കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കേസിലെ സാക്ഷികളായതിനാല്‍ തങ്ങള്‍ക്ക് നിരന്തര ഭീഷണിയുണ്ടെന്നും കാണിച്ച് കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ സ്ഥലംമാറ്റ നടപടി നേരിടേണ്ടി വന്ന സിസ്റ്റര്‍മാരായ ആല്‍ഫി പള്ളാശേരില്‍, അനുപമ കേരമംഗലത്തുവെളിയില്‍, ജോസഫൈന്‍ വില്ലൂന്നിക്കല്‍, ആന്‍സിറ്റ ഉറുമ്പില്‍ എന്നിവരാണ് കത്ത് നല്‍കിയിരിക്കുന്നത്.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തങ്ങള്‍ക്കെതിരായ സ്ഥലംമാറ്റ നടപടി സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണെന്നും കന്യാസ്ത്രികള്‍ കത്തില്‍ പറയുന്നു. തങ്ങളുടെ ചികിത്സയ്ക്കും യാത്രയ്ക്കും പോലും മഠത്തില്‍ നിന്നും പണം അനുവദിക്കുന്നില്ലെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് ഇവരുടെ മറ്റൊരു ആവശ്യം.

പഞ്ചാബ്, ബിഹാര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് പ്രതികാരനടപടിയാണെന്നും തങ്ങള്‍ പോകില്ലെന്നുമാണ് കന്യാസ്ത്രികളുടെ നിലപാട്. പരാതിക്കാരിയായ കന്യാസ്ത്രിയെ ഒറ്റപ്പെടുത്താനും കേസ് അട്ടിമറിക്കാനുമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവിന് പിന്നിലെന്ന് സിസ്റ്റര്‍ അനുപമ ആരോപിക്കുന്നു.

സിസ്റ്റര്‍ ആല്‍ഫിയോടും സിസ്റ്റര്‍ ജോസഫൈനോടും ബിഹാറിലേക്കും സിസ്റ്റര്‍ അനുപമയോട് പഞ്ചാബിലേക്കും സിസ്റ്റര്‍ ആന്‍സിറ്റയോട് കണ്ണൂര്‍ പരിയാരത്തേക്കും തിരിച്ചുപോകാനാണ് സ്ഥലമാറ്റ ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രിയെയും മറ്റൊരു കന്യാസ്ത്രിയായ സിസ്റ്റര്‍ നിന റോസിനെയും കുറവിലങ്ങാട് മഠത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: