ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമെ അറസ്റ്റില്‍ തീരുമാനം എടുക്കൂയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും എഡിജിപി അറിയിച്ചു. 2014 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇത്ര പഴക്കമുള്ള കേസ് ആയതിനാലാണ് തെളിവുശേഖരണം വൈകുന്നത്. സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസിലെ തെളിവെടുപ്പ് ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. കന്യാസ്ത്രീയുടെ പരാതിയെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിഷപ് ഫ്രാങ്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്രആസ്ഥാനത്തെ കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ശക്തമായ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ് ഫ്രാങ്കോ ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ നടത്തിയിരുന്ന പ്രാര്‍ത്ഥനയ്ക്കിടെ തങ്ങള്‍ക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് മൊഴി. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മൊഴികള്‍.

പ്രാര്‍ത്ഥനയുടെ പേരില്‍ ബിഷപ് അര്‍ദ്ധരാത്രിയില്‍ പോലും പാസ്റ്ററല്‍ ഹൗസിലേക്ക് വിളിപ്പിച്ചിരുന്നെന്നും ഇത് വിവാദമായതോടെ സഭ പരിപാടി നിര്‍ത്തിവയ്പ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൊഴിയെടുത്തത്. രൂപതയിലെ തന്നെ വൈദികരില്‍ നിന്നും ബിഷപ്പിനെതിരായ മൊഴി അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ബിഷപ്പിനെതിരായ പരാതി കന്യാസ്ത്രീ നേരത്തെ തന്നെ നല്‍കിയിരുന്നതായി രൂപതയിലെ ഒരു വൈദികന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് സൂചന.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: