ഫ്രാങ്കോയ്ക്കെതിരെ സമരം ചെയ്ത അഞ്ചാമത്തെ കന്യാസ്ത്രീയ്ക്കും സ്ഥലംമാറ്റം

ജലന്ധര്‍: പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ പങ്കെടുത്ത അഞ്ചാമത്തെ കന്യാസ്ത്രീക്കു കൂടി സ്ഥലംമാറ്റം. സിസ്റ്റര്‍ നീന റോസിനാണു സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. ഫ്രാങ്കോ വാഴുന്ന ജലന്ധര്‍ രൂപതയിലേക്കാണ് കന്യാസ്ത്രീയെ സ്ഥലംമാറ്റിയത്. ജനുവരി 26ന് ജലന്ധറില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നാണ് കന്യാസ്ത്രീയക്കു നല്‍കിയ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്.

സഭയ്ക്കെതിരായി സമരം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും അനുസരണക്കേടാണെന്നുമാണ് മിഷണറീസ് ഓഫ് ജീസസ് മദര്‍ സൂപ്പീരിയര്‍ ജനറല്‍ അയച്ച കത്തില്‍ പറയുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത നാല് കന്യാസ്ത്രീകളെ കഴിഞ്ഞയാഴ്ച കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരായ സിസ്റ്റര്‍ അനുപമ, ജോസഫൈന്‍, ആന്‍സിറ്റ, ആല്‍ഫി എന്നിവരെയാണ് സ്ഥലം മാറ്റിയത്.

സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ ആന്‍സിറ്റയെ കണ്ണൂരിലേക്കാണ് മാറ്റിയത്. ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് സിസ്റ്റര്‍ നീന റോസിനെക്കൂടി സ്ഥലംമാറ്റിയിരിക്കുന്നത്.

സാക്ഷികളായ തങ്ങളെ പലയിടങ്ങളിലേക്ക് സ്ഥലംമാറ്റുന്നത് സമ്മര്‍ദ്ദത്തിലാക്കാനാണെന്നും ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ ഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. തങ്ങള്‍ക്കെതിരായ പ്രതികാര നടപടിയാണിതെന്നാണ് കന്യാസ്ത്രീകള്‍ ആരോപിച്ചത്. സ്ഥലംമാറ്റ ഉത്തരവിനെ അംഗീകരിക്കില്ലെന്നു പറഞ്ഞ കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ ഇരയായ കന്യാസ്ത്രീയ്ക്കൊപ്പം തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ഇരയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തി ദുര്‍ബലയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്ഥലമാറ്റമെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: