ഫേസ്ബുക്ക് ഹാക്കിങ് ; സുപ്രധാന വിവരങ്ങള്‍ പുറത്തു വിട്ടു

കഴിഞ്ഞ മാസം ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയ ഫെയ്സ്ബുക്ക് ഹാക്കിങ് നേരിട്ട് ബാധിച്ചത്. 2.9 കോടി ഉപയോക്താക്കളെ. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് ഹാക്കിങുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടത്. ഹാക്കിങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫെയ്സ് ബുക്ക് ഉപയോക്താക്കളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു.

ഫെയ്സ്ബുക്ക് പ്രോഗ്രാമിങ്ങിലെ പരസ്പരബന്ധിതമായ സാങ്കേതിക തകരാറുകളാണ് അജ്ഞാതരായ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തത്. 1.5 കോടിയോളം ഉപയോക്താക്കളുടെ പേരും കോണ്‍ടാക്റ്റ് വിവരങ്ങളും മോഷ്ടിക്കപ്പെട്ടു. കോണ്‍ടാക്റ്റ് വിവരങ്ങളില്‍ ഫോണ്‍ നമ്പറുകളും ഇമെയില്‍ അഡ്രസുകളും ഉള്‍പ്പെടുന്നു.

ഇതുകൂടാതെയുള്ള 1.4 കോടി ആളുകളെയാണ് ഹാക്കിങ് കാര്യമായി ബാധിച്ചത്. ഇവരുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട വിവരങ്ങളും ചോര്‍ത്തപ്പെട്ടു. സെര്‍ച്ച് ഹിസ്റ്ററി, വിദ്യാഭ്യാസ പശ്ചാത്തലം, സ്ഥലം, ജനന തീയതി, അവര്‍ ഫോളോ ചെയ്യുന്ന ആളുകള്‍ ആരൊക്കെ, പേജുകള്‍ ഏതെല്ലാം തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ പെടുന്നു.

കഴിഞ്ഞ മാസമാണ് ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ വ്യാപകമായ സൈബര്‍ ആക്രമണം നടന്നുവെന്ന് ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയത്. ഫെയ്‌സ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന ‘ആക്‌സസ് ടോക്കന്‍’ സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ മുതലെടുത്തത്. ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകള്‍ ഫെയ്‌സ്ബുക്കിന്റെ ശ്രദ്ധയില്‍ പെട്ടത്. വെള്ളിയാഴ്ചയാണ് എന്താണ് സംഭവമെന്ന് വ്യക്തമായത്. ഉടനെതന്നെ ആക്‌സസ് ടോക്കനുകളെല്ലാം ഫെയ്‌സ്ബുക്ക് പിന്‍വലിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ലോഗിന്‍ ആയിക്കിടന്ന പല അക്കൗണ്ടുകളും ലോഗ് ഔട്ട് ആയത്.

സംഭവത്തില്‍ വിവിധ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി. ഹാക്കര്‍മാരെ കുറിച്ച് പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ നിര്‍ദേശമുണ്ട്.

എന്താണ് ഹാക്കര്‍മാരുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ പോലെ വീണ്ടുമൊരു സോഷ്യല്‍ മീഡിയ അട്ടിമറി ശ്രമത്തെയും സംശയിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു സംശയത്തിന്റെ ആവശ്യമില്ലെന്നും അതിനുള്ള സൂചനയൊന്നുമില്ലെന്നുമാണ് ഫെയ്സ്ബുക്കിന്റെ പ്രതികരണം.

തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവര ചോര്‍ച്ചാ വിവാദം മുന്‍നിര ടെക്ക് കമ്പനികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.ദിവസങ്ങള്‍ക്ക് മുമ്പാണ് വിവര ചോര്‍ച്ച വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിള്‍ അതിന്റെ സോഷ്യല്‍ മീഡിയാ സേവനമായ ഗൂഗിള്‍ പ്ലസ് നിര്‍ത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

 

 

 

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: