ഫേസ്ബുക്കിനെ ഇന്ത്യയില്‍ നയിക്കാന്‍ മലയാളി; അജിത്ത് മോഹന്‍ ഇന്ത്യ എംഡി

കൊച്ചി: സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മലയാളിയായ അജിത് മോഹന്‍ നേതൃത്വം നല്‍കും. ഫെയ്സ്ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായി അജിത് മോഹന്‍ നിയമിതനായി. എറണാകുളം സ്വദേശിയായ അജിത് നിലവില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്പനിയായ ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആണ്. കഴിഞ്ഞ വര്‍ഷം ഉമാങ് ബേഡി രാജിവച്ചതു മുതല്‍ ഫെയ്സുബുക്കിന്റെ ഇന്ത്യ എം.ഡി. സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

സിങ്കപ്പുരിലെ നാന്‍യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, വാര്‍ട്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളില്‍നിന്നായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് ഏറെക്കാലം ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെക്കന്‍സിയില്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് സ്റ്റാര്‍ ടി.വി.യിലെത്തിയത്. തുടര്‍ന്ന് ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയി.

വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ ഫേസ് ബുക്ക് തീവ്ര ശ്രമം നടത്തുന്നതിനിടെയാണ് അജിത്ത് മോഹന്‍ ഇന്ത്യയുടെ ചുമതലയേല്‍ക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമായിരിക്കും അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടാകുക. ഫേസ് ബുക്കിനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാന രാജ്യമാണെന്നും ഇന്ത്യയിലെ വിവിധ ജന വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ അജിത് മോഹന് സാധിക്കുമെന്നും ഫേസ് ബുക്ക് ആഗോള വൈസ് പ്രസിഡന്റ് ഡേവിഡ് ഫിഷ്ചര്‍ പറഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: