ഫെബ്രുവരി 9ന് റിലീസ് ചെയ്യുന്ന ‘സിങ്കം’ ലൈവ് സ്ട്രീമിംഗിലൂടെ കാണാമെന്ന് തമിഴ് റോക്കേഴ്‌സ്; നിന്റെയൊക്കെ ലൈവ് സ്ട്രീമിംഗ് ജയിലില്‍ വെച്ചായിരിക്കുമെന്ന് നിര്‍മാതാവ്

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന തമിള്‍റോക്കേഴ്‌സ് ഇത്തവണ വെല്ലുവിളിച്ചിരിക്കുന്നത് സൂര്യയെ ആണ്. രജനീകാന്തിന്റെ കബാലി, വിജയ് ചിത്രം ഭൈരവാ എന്നീ സിനിമകളുടെ പൈറസിയുമായി ബന്ധപ്പെട്ട് റിലീസിന് തൊട്ടുമുമ്പ് നിര്‍മ്മാതാക്കളെ വെല്ലുവിളിച്ചവരാണ് തമിള്‍റോക്കേഴ്‌സ്. സൂര്യയുടെ സിങ്കം ത്രീ നിര്‍മ്മാതാവ് ജ്ഞാനവേല്‍രാജയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് തമിള്‍റോക്കേഴ്‌സ് വീണ്ടും ഭീഷണിയുമായി വന്നത്. യെമന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് തമിള്‍റോക്കേഴ്‌സിന് ജ്ഞാനവേല്‍രാജ മുന്നറിയിപ്പ് നല്‍കിയത്. ഫെബ്രുവരി 9ന് റിലീസ് ചെയ്യുന്ന സിങ്കം ത്രീ ഇതേ ദിവസം രാവിലെ പതിനൊന്ന് മണിക്ക് ലൈവ് സ്ട്രീമിംഗായി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു തമിള്‍റോക്കേഴ്‌സിന്റെ ഭീഷണി.

‘സിനിമയ്ക്ക് പണം മുടക്കുന്നതില്‍ മാത്രമല്ല പൈറസിയുടെ കാര്യത്തില്‍ ഞങ്ങള്‍ ശ്രദ്ധയൂന്നുന്നുണ്ട്. രണ്ട് വര്‍ഷത്തെ കഠിനപ്രയത്‌നമാണ് ഞങ്ങളുടെ സിനിമ, സിങ്കം ത്രീ 9ന് രാവിലെ ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ അടുത്ത ആറ് മാസത്തിനകം നിങ്ങള്‍ ജയിലിലായിരിക്കും. പിന്നെ ലൈവ് സ്ട്രീമിംഗ് ജയില്‍ നിന്നാകാം.’ പൈറസിക്കെതിരെ പോരാടാന്‍ ജനങ്ങളുടെ പിന്തുണ വേണമെന്നും സിങ്കം ത്രീയുടെ നിര്‍മ്മാതാവ് പറഞ്ഞു. തമിള്‍റോക്കേഴ്‌സിനുള്ള തുറന്ന വെല്ലുവിളിയാണ് ഇതെന്നും ജ്ഞാനവേല്‍രാജ.

ജ്ഞാനവേല്‍രാജയുടെ പ്രസംഗം നല്ലതാണെന്നും കലണ്ടറില്‍ ഫെബ്രുവരി ഒമ്പത് മാര്‍ക്ക് ചെയ്ത് വച്ചോളൂ എന്നുമാണ് തമിള്‍റോക്കേഴ്‌സിന്റെ മറുപടി. ഫെബ്രുവരി 9 നിങ്ങളുടെ ദിവസമല്ല ഞങ്ങളുടെ ദിവസമാണെന്നും പൈറസി ഗ്രൂപ്പ് വീണ്ടും വെല്ലുവിളിക്കുന്നു. സിങ്കം സീരീസിലെ മൂന്നാമത്തെ ചിത്രമാണ് എസ് ത്രീ. സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുളള ചിത്രം കൂടിയാണിത്. ഹരിയാണ് സംവിധാനം. അനുഷ്‌കാ ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാരായി എത്തുന്നത്.

നേരത്തെ പുലിമുരുകന്‍ പൈറസിയില്‍ തമിള്‍റോക്കേഴ്‌സിന്റെ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് റെയ്ഡ് നടത്തുകയും നാല് പേരെ പിടികൂടുകയും ചെയ്തിരുന്നു. കബാലിയുടെ നിര്‍മ്മാതാവിനെ വെല്ലുവിളിച്ച് ആദ്യ ദിവസം തിയറ്റര്‍ കോപ്പി പുറത്തുവിട്ടും, പ്രേമം, പുലിമുരുകന്‍ എന്നീ സിനിമകളുടെ വ്യാജന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയും ഇവര്‍ തിയറ്ററുകളില്‍ മുന്നേറുന്ന സിനിമകള്‍ക്ക് നിരന്തരം ഭീഷണി ഉയര്‍ത്തുന്നവരാണ്. തെന്നിന്ത്യന്‍ സിനിമകളും ബോളിവുഡ് ചിത്രങ്ങളും റിലീസിന് തൊട്ടടുത്ത ദിവസം തിയറ്റര്‍ പകര്‍പ്പായും സെന്‍സര്‍ കോപ്പിയായും അപ് ലോഡ് ചെയ്യുകയും സ്ട്രീമിംഗിന് അവസരം നല്‍കുകയും ചെയ്യുന്ന തമിഴ് റോക്കേഴ്‌സ് എന്ന വെബ് സൈറ്റ് ഉടമകള്‍ പിടിയിലായെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇവരുടെ കീഴിലുള്ള അഡ്മിനുകളാണ് അറസ്റ്റിലായതെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ നിന്നുള്ള സെര്‍വര്‍ വഴിയാണ് തമിള്‍റോക്കേഴ്‌സ് പ്രവര്‍ത്തനമെന്നും പല രാജ്യങ്ങളില്‍ നിന്നുള്ള സെര്‍വര്‍ വഴി അപ് ലോഡ് ചെയ്യുന്നതിനാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിയിലായെന്നുമായിരുന്നു പിന്നീട് പുറത്തുവന്നത്. ഇക്കാര്യം ഉറപ്പിക്കുന്നതാണ് സിങ്കം ലൈവ് സ്ട്രീമിംഗ് നടത്തുമെന്ന പൈറസി ഗ്രൂപ്പിന്റെ ഭീഷണി

Share this news

Leave a Reply

%d bloggers like this: