ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സഹായിക്കാന്‍ ഗൈഡ് പുറത്തിറക്കി സിഡ്നി അതിരൂപത…

സിഡ്നി: ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് സഹായകരമായ ഗൈഡ് പുറത്തിറക്കി സിഡ്നി അതിരൂപത. കത്തോലിക്കരുടെ ക്ഷേമത്തിനായുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രായോഗിക നയങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും അനുചിതമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്യുക എന്നതാണ് തെരെഞ്ഞെടുപ്പ് സംബന്ധിച്ച പ്രമാണരേഖ പുറത്തുവിട്ടതിലൂടെ രൂപത ലക്ഷ്യം വെയ്ക്കുന്നത്.

മതസ്വാതന്ത്ര്യം, വിദ്യാഭ്യാസം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പരിപാലനം എന്നീ മേഖലകളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങളും നിര്‍ദേശങ്ങളും പ്രസ്തുത ഗൈഡില്‍ പരിശോധിക്കുന്നുണ്ട്. ഗ്രീന്‍സ്, ലിബറല്‍/നാഷണല്‍ എന്നിവരില്‍ നിന്നും ലഭിച്ച വിശദമായ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഗൈഡ്, മെയ് 18ന് നടക്കുന്ന വോട്ടെടുപ്പില്‍ ആര്‍ക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് കത്തോലിക്കാരായ സമ്മതിദായകര്‍ക്ക് തീരുമാനം എടുക്കാന്‍ സഹായകരമാകുമെന്ന് അതിരൂപത പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

സാമൂഹികവും ധാര്‍മ്മികവുമായ പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രതികരണം അറിയിക്കാനുള്ള ഒരു അവസരമാണ് ഫെഡറല്‍ തിരഞ്ഞെടുപ്പ് എന്ന് പബ്ലിക് അഫയേഴ്സ് ആന്‍ഡ് എന്‍ഗേജ്മെന്റ് ഡയറക്ടര്‍ മോണിക്ക ഡൗമിത് പറഞ്ഞു. ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ കത്തോലിക്കര്‍ തങ്ങളുടെ വോട്ട് ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുന്നത് ഏറെ പ്രധാനമാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഗുരുതരമായ ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

മത സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രതിബദ്ധത, സാമൂഹികവും ധാര്‍മ്മികവുമായ പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ എന്നീ വിഷയങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഭരണാധികാരികളെയും സര്‍ക്കാരിനെയും തിരഞ്ഞെടുക്കുന്നതിന് വോട്ടര്‍മാര്‍ക്ക് ഒരു നല്ല അവബോധം നല്‍കാനും ഗൈഡിന് സാധിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: