ഫീഡിങ് റൂമുകള്‍ അനുവദിച്ചുകൊണ്ട് ഡബ്ലിന്‍ എയര്‍പോര്‍ട്ട് കുടുംബ സൗഹൃദ എയര്‍പോര്‍ട്ട് പദവിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ തിരക്കേറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യപ്രദമായ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍-1 ,ടെര്‍മിനല്‍-2 എന്നിവിടങ്ങളിലാണ് ഇതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെ കുടുംബ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്ന ഫീഡിങ് റൂമുകളെന്ന് എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ വിന്‍സന്റ് ഹാരിസണ്‍ അറിയിച്ചു.

ടെര്‍മിനല്‍-2-ല്‍ യാത്രക്കാരുടെ സെക്യൂരിറ്റി സ്‌ക്രീനിങ് ഭാഗത്ത് റീട്ടെയില്‍ ഏരിയയോട് ചേര്‍ന്നാണ് ഫീഡിങ് റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ടെര്‍മിനല്‍ ഒന്നില്‍ ഫുഡ് ആന്‍ഡ് ബിവറേജ് ഏരിയയിലാണ് ഫീഡിങ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബവുമായി ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാവുന്ന വിധത്തില്‍ ബോഡുകളും സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായ പെയിന്റിങ് നടത്തിയ മുറിക്കുള്ളില്‍ മുലയൂട്ടുന്നതോടൊപ്പം തന്നെ കുഞ്ഞുങ്ങള്‍ക്ക് ആഹാരങ്ങള്‍ ചൂടാക്കി നല്‍കുന്നതിനും സൗകര്യം ഒരുക്കിയിരിക്കുകയാണ്.

ബോട്ടില്‍വാമര്‍, മൈക്രോവേവ്, ഹൈചെയര്‍, വിനീയേല്‍സിറ്റിങ് തുടങ്ങി വിശാലമായ സൗകര്യങ്ങളാണ് എയര്‍പോട്ട് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ നിരന്തര ആവശ്യങ്ങളെ തുടര്‍ന്നാണ് എയര്‍പോര്‍ട്ടില്‍ ഫീഡിങ് റൂമുകള്‍ ആരംഭിക്കാന്‍ തീരുമാനം ആയത്. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനാ വേളകളില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടതായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അസൗകര്യം അനുഭവവപ്പെടാറുമുണ്ട്. ഈ ന്യൂനത പരിഹരിക്കപ്പെടുന്നതിന് വേണ്ടിയാണ് ഫീഡിങ് റൂമുകള്‍ ആരംഭിച്ചിരിക്കുന്നത്.

എയര്‍പോര്‍ട്ടിന്റെ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് ശ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കാതറിന്‍ സബോണ്‍ അഭിപ്രായപ്പെട്ടു. അയര്‍ലണ്ടിലെ എല്ലാ എയര്‍പൊട്ടുകളിലും ഇത്തരം സംവിധാനങ്ങള്‍ വേണമെന്ന് അറിയിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം ഏവിയേഷന്‍ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരിക്കുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: