ഫാ. സിറിയക് കോച്ചേരിക്ക് അരുണാചല്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സ്വര്‍ണ മെഡല്‍

കുറവിലങ്ങാട്: യുവജന ശാക്തീകരണത്തിന് അരുണാചല്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സ്വര്‍ണമെഡല്‍ മലയാളി വൈദികന്. കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന ഇടവകാംഗം കോഴാ കോച്ചേരില്‍ പരേതരായ കുര്യന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ ഫാ. സിറിയക് കേച്ചേരിയാണ് അരുണാചല്‍ സര്‍ക്കാരിന്റെ അംഗീകാരം നേടിയത്. സലേഷ്യന്‍ സന്യാസ സഭാംഗമായ ഫാ. സിറിയക് കോച്ചേരി ഡോണ്‍ ബോസ്‌കോ യൂത്ത് സെന്റര്‍ സ്ഥാപക ഡറക്ടറെന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അവാര്‍ഡ് പ്രഖ്യാപനത്തില്‍ അരുണാചല്‍ മുഖ്യമന്ത്രി നബാം തുകി അറിയിച്ചു. അരുണാചല്‍ സര്‍ക്കാര്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് വിശിഷ്ട സേവനത്തിനായി അഞ്ച് സ്വര്‍ണ മെഡലുകളാണ് പ്രഖ്യാപിച്ചത്. ഡോണ്‍ ബോസ്‌കോയുടെ ജന്മദ്വിശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ സലേഷ്യന്‍ സഭയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമെത്തുന്നുവെന്നത് ആഘോഷങ്ങള്‍ക്ക് ഇരട്ടി ആവേശമാണ് സമ്മാനിച്ചിട്ടുള്ളത്.

വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നടത്തുന്ന മിഷന്‍ സേവനത്തിനുള്ള പ്രോത്സാഹനമായാണ് ഫാ. സിറിയക് സര്‍ക്കാര്‍ അവാര്‍ഡിനെ കാണുന്നത്. കഴിഞ്ഞ 35 വര്‍ഷമായുള്ള സേവനത്തില്‍ 15 വര്‍ഷവും ഫാ. സിറിയക് അരുണാചലിലായിരുന്നു പ്രവര്‍ത്തനം. എസ്എസ്എല്‍സി പഠനത്തിന് ശേഷം 1980ല്‍ സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന ഫാ. സിറിയക് മേഘാലയിലായിരുന്നു സെമിനാരിപഠനം നടത്തിയത്. 1994ല്‍ വൈദികപട്ടം സ്വീകരിച്ച ഫാ. സിറിയക് മണിപ്പൂര്‍, ഇംഫാല്‍, നാഗലാന്റിലെ തുളി എന്നിവിടങ്ങളില്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളുകളുടെ വൈസ് പ്രിന്‍സിപ്പലായി സേവനം ചെയ്തു. ഇതിനിടയില്‍ ഇറ്റാനഗറിലും കോണ്‍സോയിലുമായി ഡോണ്‍ബോസ്‌കോ യൂത്ത് സെന്റര്‍ സ്ഥാപിച്ച് യുവജന ശാക്തീകരണവുമായി രംഗത്തിറങ്ങി. സര്‍ക്കാരുമായി ചേര്‍ന്ന് നൂറുകണക്കിന് പദ്ധതികളാണ് യുവജനങ്ങള്‍ക്കായി ഫാ. സിറിയക് നടപ്പിലാക്കിയത്. ഇതിനിടയില്‍ നാഗലാന്റിലും ഡോണ്‍ബോസ്‌കോ യൂത്ത് സെന്റര്‍ ഡയറക്ടറായി സേവനം ചെയ്തു.

റസിഡന്‍ഷ്യല്‍ ക്യാംപുകളിലെ തൊഴില്‍ പരിശീലനങ്ങളിലൂടെ ആയിരക്കണക്കിന് യുവജനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം ജോലി നേടിയതോടെയാണ് ഫാ. സിറിയക്കിന്റെ ശ്രമങ്ങള്‍ സംസ്ഥാനവും സര്‍ക്കാരും ശ്രദ്ധിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ കലവറയില്ലാത്ത പിന്തുണ ഫാ. സിറിയക്കിനേയും ഡോണ്‍ ബോസ്‌കോ യൂത്ത് സെന്ററിനേയും തേടിയെത്തുകയായിരുന്നു. കംപ്യൂട്ടര്‍ അധിഷ്ഠിത പരിശീലനത്തിനൊപ്പം ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് അരുണാചലിലെ യുവജന മുന്നേറ്റം. വീടുകള്‍ക്കൊപ്പം ഹോസ്റ്റലുകളില്‍ താമസിപ്പിച്ചും നേതൃത്വ പരീശിലനവും വ്യക്തിത്വ വികസനവും നടത്തിയപ്പോള്‍ നൂറുകണക്കായ യുവജനങ്ങള്‍ സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്കും സര്‍ക്കാര്‍ സര്‍വീസുകളിലേയ്ക്കും കടന്നെത്തിയത് ഫാ. സിറിയക്കിന്റെ ശ്രമങ്ങളുടെ വിജയം വിളിച്ചോതി. സ്‌പോക്കണ്‍ ഇംഗ്‌ളീഷ് പരിശീലിപ്പിക്കുന്നതിനൊപ്പം തൊഴില്‍ സാധ്യതകള്‍ മനസിലാക്കി നല്‍കുകയും ചെയ്യുന്ന രീതിയാണ് ഡിവൈസി നടത്തുന്നത്. കേരളത്തിലടക്കം ഇത്തരത്തിലുള്ള സാധ്യതകള്‍ പലരും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നത് ഈ സെന്ററിന്റെ പ്രവര്‍ത്തനമികവിനുള്ള തെളിവാണ്.

അരുണാചല്‍ സര്‍ക്കാരിന്റെ സംസ്ഥനപദവി ദിനമായ ഫെബ്രുവരി 20ന് ഇറ്റാനഗറില്‍ നടക്കുന്ന ചടങ്ങില്‍ ഫാ. സിറിയക് കോച്ചേരിക്ക് സര്‍ക്കാര്‍ അവാര്‍ഡ് സമ്മാനിക്കും.

Share this news

Leave a Reply

%d bloggers like this: