ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്കു കണ്ണീരോടെ വിട നല്‍കി; മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക്, സംസ്‌കാരം വെള്ളിയാഴ്ച മാതൃ ഇടവകയില്‍ നടക്കും

സ്‌കോട്ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ നിര്യാതനായ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്കു എഡിന്‍ബറോയില്‍ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മാര്‍ട്ടിന്‍ അച്ചന്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ക്രൊസ്റ്റോഫിന് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയിലും , പൊതുദര്‍ശന ചടങ്ങിലും സ്‌കോട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു.

ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും സ്‌കോട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ഇരുപതോളം വൈദികര്‍ സഹ കാര്മികരായിരുന്നു. അച്ചന്‍ സേവനം അനുഷ്ഠിച്ചിരുന്ന ക്രിസ്റ്റഫിന്‍ ഇടവകയില്‍ നിന്നുള്ള നിരവധി ആളുകളാണ് മൃതദേഹം ഒന്ന് കാണുവാനായി എത്തിച്ചേര്‍ന്നത്. വിശുദ്ധ കുര്‍ബാനയും ഒപ്പീസും മറ്റു ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം ഫ്യുണറല്‍ ഡയറക്ടേഷസിനു കൈമാറി.

ബുധനാഴ്ച എഡിന്ബറോയില്‍ നിന്നുള്ള എമിറൈറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും, ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐയും മൃതദേഹത്തെ അനുഗമിക്കും. വ്യാഴാഴ്ച്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മൃതദേഹം തുടര്‍ന്ന് കാക്കനാട് CMI സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്നും പുളിങ്കുന്നില്‍ അച്ഛന്റെ ഭവനത്തില്‍ എത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുകയും അതിനുശേഷം ചെത്തിപുഴ തിരുഹൃദയ CMI ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്.

വെളളിയാഴ്ച്ച സംസ്‌കരിക്കും എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കാരണം ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

 

 
എ എം

Share this news

Leave a Reply

%d bloggers like this: