ഫാദര്‍ ഉഴുന്നാലില്‍ ബനഡിക്റ്റ് പതിനാറാമനുമായി കൂടിക്കാഴ്ച നടത്തും; 28 ന് ഇന്ത്യയിലെത്തും

 

യെമനിലെ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ മുന്‍ മാര്‍പാപ്പ ബനഡിക്റ്റ് പതിനാറാമനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഫാദര്‍ ടോം അംഗമായ സലേഷ്യന്‍ സന്യാസ സഭയിലെ മേലധികാരികളുമുണ്ടാകും. ഭീകരര്‍ വിട്ടയച്ച ഫാദര്‍ ടോം, തുടര്‍ന്ന് ഒമാനിലാണ് എത്തിയത്. ഒമാനില്‍ നിന്ന് വത്തിക്കാനിലെത്തിയ അദ്ദേഹം തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യന്‍ വിദേശകാര്യവകുപ്പ് അധികൃതര്‍ സലേഷ്യന്‍ സഭയുടെ ദില്ലിയിലെ ആശ്രമത്തിലെത്തി ഫാദര്‍ ടോമിന് പുതിയ പാസ്പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് ലഭ്യമാകുന്നതോടെ ഈ മാസം 28 ന് അദ്ദേഹം ദില്ലിയിലെത്തുമെന്ന് സലേഷ്യന്‍ സഭാധികൃതര്‍ അറിയിച്ചു. സലേഷ്യന്‍ സഭയുടെ ദില്ലി ഒക്ലയിലുള്ള ആശ്രമത്തിലെത്തുന്ന അദ്ദേഹം തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവരെ കാണുന്നുണ്ട്.

സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാദര്‍ ടോം, യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2016 മാര്‍ച്ച് നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.

തുടര്‍ന്ന് കത്തോലിക്കാ സഭയും ഇന്ത്യന്‍ വിദേശകാര്യവകുപ്പും വിവിധ തലങ്ങളില്‍ ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു. ഫാദര്‍ ടോമിനെ വിടണമെങ്കില്‍ വന്‍തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകര്‍ ഉപാധിവച്ചിരുന്നു. ഇതിനിടെ മൂന്നു തവണ ഫാദര്‍ ഉഴുന്നാലിന്റെ വീഡിയോ ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, സൗദി അറേബ്യന്‍ സര്‍ക്കാരിനെ ഇടപെടുത്തി നയതന്ത്ര നീക്കങ്ങള്‍ നടത്തിവരുകയായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: