പ്ലാസ്റ്റിക് തിന്നും പുഴുക്കള്‍ കണ്ടെത്തി ജര്‍മ്മന്‍ ശാസ്ത്രജ്ഞ

 

സ്പെയിനിലെ സാന്റാബ്രിയ സര്‍വകലാശാലയിലെ മോളിക്യുലര്‍ ബയോളജിസ്റ്റ് ഫെഡറിക്ക ബെര്‍ട്ടോച്ചിനിയുടെ ഒഴിവുവേളകളിലെ വിനോദമായിരുന്നു തേനീച്ച വളര്‍ത്തല്‍. മാസങ്ങള്‍ക്കുമുമ്പ് തേനീച്ചക്കൂട്ടിലെ പട്ടികകള്‍ എടുത്തു നോക്കിപ്പോള്‍ അവയില്‍ മെഴുകുപുഴുക്കളെ കണ്ടു. ചാരനിറത്തിലുള്ള പുഴുക്കള്‍ തേനീച്ചപ്പട്ടികകളില്‍ 600 മുട്ടകളുമിട്ടു. നാലഞ്ചു ദിവസം കൊണ്ട് മുട്ടവിരിഞ്ഞാല്‍ അവ തേന്‍ കുടിച്ചു തീര്‍ക്കുകയും തേനീച്ചകളെ കൊന്നൊടുക്കുകയും ചെയ്യും. തേനീച്ചപ്പട്ടിക വൃത്തിയാക്കിയ ബെര്‍ട്ടോച്ചിനി, പുഴുക്കളെയെല്ലാം ഒരു പ്ലാസ്റ്റിക് ചാക്കിലാക്കി കെട്ടിവെച്ചു. കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോള്‍ മുട്ടപൊട്ടിച്ചു വന്ന ലാര്‍വകളെയാണ് അവിടെയെങ്ങും കണ്ടെത്താനായത്. പ്ലാസ്റ്റിക് കവറെടുത്തു നോക്കിയപ്പോള്‍ അതിലെല്ലാം തുളവീണതായി കാണാനായി. കട്ടിയുള്ള പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ചാക്കായിരുന്നു അത്. എന്നിട്ടും അതു തുളയിട്ട് പുഴുക്കള്‍ പുറത്തു വന്നിരിക്കുന്നുവെന്നത് ബെര്‍ട്ടോച്ചിനിയെ അല്‍ഭുതപ്പെടുത്തി. ഇത് തന്നെ അസ്വസ്ഥയാക്കുന്നതിനു പകരം സന്തോഷവതിയാക്കിയെന്നാണ് അവര്‍ പറഞ്ഞത്. കാരണം പ്ലാസ്റ്റിക് നശിപ്പിക്കാനുള്ള ഇവയുടെ കഴിവ് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ വലിയ പങ്കു വഹിക്കാവുന്നതാണെന്ന് അവര്‍ക്കു മനസിലായി.

അതിലോലമായ പ്ലാസ്റ്റിക് കവറുകള്‍ ജീര്‍ണിക്കാന്‍ കുറഞ്ഞത് 100 വര്‍ഷവും വലിയ കനമുള്ളവ ജീര്‍ണിക്കാന്‍ 400 വര്‍ഷവുമാണ് എടുക്കുന്നത്. ഭൂമിയിലും ജലാശയങ്ങളിലും കടലിലും കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുന്ന കാലമാണിത്. കാട്ടിലും കടലിലും ചത്തു പൊന്തിയ പല ജീവികളുടെയും ആന്തരികാവയവങ്ങളില്‍ പ്ലാസ്റ്റിക് അംശം കണ്ടെത്തിയത് പ്ലാസ്റ്റിക് വ്യാപനത്തിന്റെ ഇരകളാണവ എന്നു തെളിയിക്കുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനു
നൂതനമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. ഇതുവരെ കണ്ടെത്തിയ ഏറ്റവും ഫലപ്രദമായ പരിഹാര മാര്‍ഗമാണ് മെഴുകുപുഴുക്കള്‍.

പുഴുക്കള്‍ പ്ലാസ്റ്റിക്ക് തിന്നുന്നവയാണെന്നു കണ്ടെത്തിയതോടെ ഇതു സംബന്ധിച്ച് ഗവേഷണത്തിനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയതായി ബെര്‍ട്ടോച്ചിനി വ്യക്തമാക്കി. 100 മെഴുകു പുഴുക്കുഞ്ഞുങ്ങളെ കട്ടിയേറി പ്ലാസ്റ്റിക്ക് ചാക്കിലിട്ടു നിരീക്ഷിച്ചു. 40 മിനുറ്റിനുള്ളില്‍ ചാക്കിനു തുളവീഴാന്‍ തുടങ്ങി. ഒരു പുഴു രണ്ടെന്ന കണക്കില്‍ ഒരു മണിക്കൂറിനുള്ളില്‍ 200 തുളകളാണിട്ടത്. 12 മണിക്കൂര്‍ കൊണ്ട് പ്ലാസ്റ്റിക്ക് ചാക്കിന്റെ ഭാരം 92 മില്ലിഗ്രാമായി കുറഞ്ഞു. ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വേഗത്തിലുള്ള പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനം.

പുഴുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസവസ്തു ഏതെന്നു കണ്ടുപിടിക്കാനായില്ലെങ്കിലും തേനീച്ചമെഴുകും പോളിത്തീനും അവ ദഹിപ്പിക്കുന്നത് ഒരേ പ്രക്രിയയിലൂടെയാണെന്ന് അവര്‍ കരുതുന്നു. ഏതായാലും ലോകം നേരിടുന്ന പ്ലാസ്റ്റിക് ഭീഷണിക്ക് ഇവയെ അടിയന്തരപരിഹാര മാര്‍ഗമായി കാണാനാകില്ല. പുഴുക്കള്‍ പ്ലാസ്റ്റിക് ദഹിപ്പിക്കുന്നത് എന്തു പ്രക്രിയയിലൂടെയാണെന്ന് അറിയില്ല, അവയുടെ കുടലില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എന്‍സൈമുകളാകാം കാരണമെന്ന് സിമ്മര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതു തെളിയിക്കപ്പെട്ടിട്ടില്ല. ഈ എന്‍സൈം കണ്ടെത്തി വേര്‍തിരിച്ച്, വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുകയാണ് അടുത്ത മാര്‍ഗമെന്ന് ബെര്‍ട്ടോച്ചിനി പറയുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: