പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ: തെലങ്കാനയില്‍ പ്രതിഷേധം പുകയുന്നു…

ഹൈദരാബാദ്: തെലങ്കാനയില്‍ പ്ലസ്ടു പരീക്ഷയില്‍ മൂന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ തോറ്റ സംഭവം വിവാദത്തിലേക്ക്. പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ഇതിനോടകം പത്തു വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും ആരോപിക്കുന്നത്. ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ മൂന്നര ലക്ഷം പേരും തോല്‍ക്കുകയായിരുന്നു.

മൊത്തം 1000 മാര്‍ക്കുള്ളതില്‍ 900 ലഭിച്ച 11 വിദ്യാര്‍ഥികളും 850-നും 900-നും ഇടയില്‍ മാര്‍ക്ക് ലഭിച്ച 125 പേരും 750-ന് മുകളില്‍ മാര്‍ക്കു ലഭിച്ച 2000 വിദ്യാര്‍ഥികളും തോറ്റതായി ഫലം കാണിക്കുന്നു. ഇവരില്‍ പലരും ഒരു വിഷയത്തിനാണത്രെ തോറ്റിരിക്കുന്നത്. തെലുങ്കില്‍ പൂജ്യം ലഭിച്ച വിദ്യാര്‍ഥിനി ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം ചെയ്തപ്പോള്‍ മാര്‍ക്ക് 99 ആയി. മുഴുവന്‍ പരീക്ഷയുമെഴുതിയ കുട്ടികളില്‍ ചിലരെ ചില വിഷയത്തില്‍ ഹാജരായില്ലെന്നും പരീക്ഷാഫലം കാണിക്കുന്നതായി ആരോപണങ്ങളുണ്ട്.

നാല് ദിവസമായി ഹൈദരാബാദിലെ ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് ഓഫീസിനു മുന്നില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ രാപകല്‍ പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്. എ.ബി.വി.പി., എന്‍.എസ്.യു.ഐ., എസ്.എഫ്.ഐ. തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാരും ബോര്‍ഡ് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി അറസ്റ്റ് വരിച്ചു. തോറ്റുപോയ മുഴുവന്‍ കുട്ടികളുടെയും ഉത്തരകടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂടാതെ ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍മീഡിയറ്റ് പരീക്ഷാഫലത്തില്‍ ഇത്രയധികം വീഴ്ച വരുത്തിയത്തിന് ബോര്‍ഡ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ ഉടനെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ജഗ്ദീഷ് റെഡ്ഡി രാജിവെക്കണമെന്നും ഇവര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പഠിച്ചു കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ഈ വിഷയത്തില്‍ അടിയന്തരമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ മുന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റി വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഈ വിഷയത്തില്‍ ബാലല ഹക്കുല ഫയല്‍ ചെയ്ത പൊതു താത്പര്യ ഹര്‍ജി കേട്ട ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഇന്റര്‍ പരീക്ഷയില്‍ തോറ്റ മൂന്നുലക്ഷം വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിന് എത്രസമയം വേണ്ടി വരുമെന്ന് തിങ്കളാഴ്ചയ്ക്കകം അറിയിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനു രണ്ടു മാസം വേണ്ടിവരുമെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞപ്പോള്‍ മൊത്തം ഒമ്പത് ലക്ഷം വിദ്യാര്‍ഥികളുടെ ഉത്തരകടലാസുകള്‍ മൂല്യനിര്‍ണയത്തിന് 10 ദിവസമേ എടുത്തുള്ളെങ്കില്‍ പിന്നെ മൂന്നു ലക്ഷം വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് പരിശോധനയ്ക്ക് എന്തിന് രണ്ടുമാസമെന്ന് കോടതി ചോദിച്ചു. 16 വിദ്യാര്‍ഥികള്‍ ഇന്റര്‍ ബോര്‍ഡിന്റെ വീഴ്ച്ച മൂലം ആത്മഹത്യ ചെയ്‌തെന്നു പറയുന്നു. വിദ്യാര്‍ഥികളോട് അല്പം കൂടി ദയ കാട്ടുക- കോടതി പറഞ്ഞു. ഇതിനിടെ പരീക്ഷാഫലങ്ങള്‍ കംപ്യൂട്ടറിലാക്കിയ കമ്പനി തങ്ങളുടെ ഭാഗത്തു വീഴ്ചയൊന്നും സംഭവിച്ചില്ലെന്നു വ്യക്തമാക്കി

Share this news

Leave a Reply

%d bloggers like this: