പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താല്‍ക്കാലിക ജീവനക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താല്‍ക്കാലിക ജീവനക്കാര്‍ അറസ്റ്റിലായി. അരുണ്‍, കുമാര്‍, ലിജിന്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവര്‍ സെന്‍സര്‍ബോര്‍ഡ് ആസ്ഥാനത്തു നിന്നും പെന്‍െ്രെഡവില്‍ സിനിമ പകര്‍ത്തി ലാപ്‌ടോപ്പില്‍ കാണുകയും സുഹൃത്തുക്കള്‍ക്ക് നല്‍കുകയും ചെയ്‌തെന്നാണ് വിവരം.

സാധാരണഗതിയില്‍ കാണാനായി സെന്‍സര്‍ബോര്‍ഡ് ആസ്ഥാനത്ത് നിന്നും സിനിമ പകര്‍ത്തുന്ന ഇവര്‍ അത് സ്വന്തം ലാപ്‌ടോപ്പിലേക്ക് മാറ്റുകയും പിന്നീട് സിനിമ വീടിന് സമീപത്തുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും കാണാന്‍ കൊടുക്കാറുണ്ടായിരുന്നു. നേരത്തേ പ്രേമം ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്തതിന്റെ പേരില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കടയ്ക്കല്‍ സ്വദേശിയില്‍ നിന്നാണ് ഇവര്‍ക്ക് ചിത്രം കിട്ടിയതെന്ന് കണ്ടെത്തി. പിന്നീടുള്ള അന്വേഷണമാണ് സെന്‍സര്‍ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിലേക്ക് എത്തിയത്. സുഹൃത്തുക്കള്‍ക്ക് കാണാന്‍ നല്‍കുന്നതിന്റെ ഭാഗമായി കടയ്ക്കല്‍ സ്വദേശിക്ക് സെന്‍സര്‍ബോര്‍ഡ് ജീവനക്കാര്‍ സിനിമ നല്‍കുകയായിരുന്നു.

ജീവനക്കാരുടെ ലാപ്‌ടോപ്പും പെന്‍െ്രെഡവും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം വെറുതെ കാണുക പ്രചരിപ്പിക്കുക എന്നതിനപ്പുറത്ത് ഇവര്‍ ഇതിലൂടെ വാണിജ്യതാല്‍പ്പര്യം നേടിയതായി സൂചനയില്ല. പ്രേമത്തിന് പുറമേ സെന്‍സര്‍ബോര്‍ഡില്‍ എത്തുന്ന ചിത്രങ്ങളെല്ലാം തന്നെ ഇവര്‍ പകര്‍ത്തുകയും കാണുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. പ്രേമത്തിന് പുറമേ ബാഹുബലി ഉള്‍പ്പെടെ അനേകം ചിത്രങ്ങള്‍ റിലീസിംഗിന് തൊട്ടുപിന്നാലെ ഓണ്‍ലൈനില്‍ എത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: