ടിനിയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സഹപ്രവര്‍ത്തകര്‍; തീരാ വേദനയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം

അയര്‍ലന്‍ഡ് മലയാളികള്‍ക്ക് തീരാദുഃഖം നല്‍കി വിട്ടുപിരിഞ്ഞ ലീമെറിക്കിലെ മലയാളി നേഴ്‌സ് ടിനി സിറിലിനെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യയാത്ര നല്‍കാനും ലീമെറിക്കിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പലില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ നടന്ന പൊതുദര്‍ശനത്തിലും പ്രത്യേക പ്രാര്‍ത്ഥനയിലും നൂറുകണക്കിന് സഹപ്രവര്‍ത്തകര്‍ ഒത്തുകൂടി. ഇരു വശവും അണിനിരന്ന സഹ പ്രവര്‍ത്തകര്‍ ടിനിയുടെ അവസാന വരവിനെ എതിരേറ്റു. പലരും പ്രിയസുഹൃത്തിന്റെ സ്‌നേഹ സമരണയില്‍ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു. ഫാ.നോയല്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

ലീമെറിക്കിലെ പാട്രിക്സ്വെല്ലിലുള്ള  Church of blessed vergin mary ദേവാലയത്തിലും ഇന്ന് വൈകിട്ട് നാല് മണി മുതല്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നു. നൂറുകണക്കിന് മലയാളികളും മറ്റ് സഹപ്രവര്‍ത്തകരും പ്രിയപ്പെട്ടവരും ടിനിയ്ക്ക് അന്ത്യയാത്രയേകാന്‍ ഒത്തുകൂടി. ലീമെറിക്ക് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.റോബിന്റെ നേതൃത്വത്തില്‍ പരേതയുടെ ആത്മശാന്തിയ്ക്കായി പ്രത്യേക ദിവ്യബലിയും നടത്തപ്പെട്ടു.

ലിമറിക് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തുവന്ന ടിനി സിറിള്‍ (37) ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ എടത്വ സ്വദേശിനിയായിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ടിനി അയര്‍ലണ്ടില്‍ എത്തുന്നത്. ക്രൂമിലെ Caherass Nursing Home ല്‍ തുടക്കത്തില്‍ ജോലിനോക്കിയിരുന്നു. തുടര്‍ന്ന് ന്യുകാസ്റ്റില്‍വെസ്റ്റിലെ St Itas ആശുപത്രിയിലും ജോലി ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലീമെറിക്കിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്‌സായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയത്.

ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനിയെ ലീമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രക്തത്തില്‍ പ്ലേറ്റ്ലറ്റുകളുടെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാവിലെയോടു കൂടി രോഗം മൂര്‍ച്ഛിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ ഏവര്‍ക്കും ഉണ്ടായിരുന്നെങ്കിലും ഏവരെയും ഞെട്ടിച്ച് ടിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.

പാലാ കത്തീഡ്രല്‍ ഇടവകാംഗം ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യയാണ് ടിനി. സിറിള്‍ ജോയി ലിമറിക്കിലെ മൗണ്ട് ട്രെന്‍ഛാഡ് ഹോട്ടലിലെ സീനിയര്‍ ഷെഫായി ജോലി ചെയ്യുന്നു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. എട്ടുവയസുകാരി റിയയും, നാല് വയസുകാരന്‍ റിയോണും. ഇന്നത്തെ ചടങ്ങുകള്‍ക്ക് ശേഷം മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടത്തും. സംസ്‌കാരം പിന്നീട് നാട്ടില്‍.

 

 

Share this news

Leave a Reply

%d bloggers like this: