പ്രാര്‍ത്ഥനയുടെ മാഹാത്മ്യം ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ജീവന്റെ നിലനില്‍പ്പ് പ്രാര്‍ത്ഥനയിലൂടെയെന്ന് ‘നാഷണല്‍ പ്രയര്‍ ഡേ’യില്‍ ട്രംപ്. പ്രാര്‍ത്ഥനയോളം ശക്തിയുള്ള മറ്റൊന്നും ഈ ലോകത്തിലില്ല. പ്രാര്‍ത്ഥനയുള്ളിടത്ത് അത്ഭുതങ്ങള്‍ സുനിശ്ചിതമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘നാഷണല്‍ പ്രയര്‍ ഡേ’യോട് അനുബന്ധിച്ച് 100ഓളം മതനേതാക്കന്മാര്‍ വൈറ്റ് ഹൗസില്‍ ഒത്തുകൂടിയപ്പോള്‍ അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രായോഗികമായ നടപടികളെക്കുറിച്ച് ട്രംപിന്റെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തുകയും ചെയ്തു.

പ്രാര്‍ത്ഥനയില്‍ സ്ഥിരതയും അഗാഥമായ വിശ്വാസവും പുലര്‍ത്തുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് അമേരിക്കന്‍ ഭരണകൂടം വ്യക്തിജീവിതത്തില്‍ മതസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. മതസ്വാതന്ത്രം ഒരുവന്റെ മൗലിക അവകാശമാണ്. സമൂഹത്തിന്റെയോ ഭരണകൂടത്തിന്റെയോ ഔദാര്യമല്ല. മറിച്ച് ദൈവം തന്ന വലിയ അനുഗ്രഹമാണ്. അതുകൊണ്ടുതന്നെ ഗര്‍ഭച്ഛിദ്രം പോലെയുള്ള നടപടികളില്‍ അവനവന്റെ മതവിശ്വാസത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ട്രംപ് പറഞ്ഞു. വിശ്വാസബോധ്യങ്ങളില്‍ അടിസ്ഥാനമായ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ തങ്ങളുടേതായ നിലപാടുകള്‍ സധൈര്യം സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.

അമേരിക്കയിലെ ജനങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ മതസ്വാതന്ത്ര്യമാണ്. വിശ്വാസപാരമ്പര്യങ്ങളും മതസ്വാതന്ത്രവും സംരക്ഷിക്കുന്നതിന് ഭരണകൂടം എക്കാലവും നിലകൊണ്ടിട്ടുമുണ്ട്. രാജ്യത്തിന്റെ സുസ്ഥിതിക്കുവേണ്ടി വിശ്വാസാധിഷ്ഠിതമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ താന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: