പ്രശസ്ത സംവിധായകന്‍ ദീപന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു ദീപന്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. പുതിയമുഖം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഉള്‍പ്പെടെ ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ് ദീപന്‍.

വൃക്കരോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു ദീപന്‍. ചികിത്സയെത്തുടര്‍ന്ന് ചെറിയ പുരോഗിതി ഉണ്ടായത് ഏറെ പ്രതീക്ഷ നല്‍കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ജയറാമിനെ നായകനാക്കി ഒരുക്കുന്ന സത്യയാണ് ദീപന്റെ ഏറ്റവും പുതിയ ചിത്രം. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിംഗിന് തയ്യാറെടുക്കുന്നതിനിടെയാണ് ദീപനെ മരണം തട്ടിയെടുത്തത്.

പുതിയമുഖം എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനായിരുന്നു ദീപന്‍. പൃഥ്വീരാജ് എന്ന നടന് ഒരു പുതുമുഖം സൃഷ്ടിച്ച് നല്‍കാന്‍ ഈ ചിത്രത്തിന് സാധിച്ചു. പൃഥ്വീരാജിനെ ഒരു ആക്ഷന്‍ ഹീറോ എന്ന നിലയില്‍ പ്രേക്ഷകര്‍ അംഗീകരിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.

ഷാജി കൈലാസ് അടക്കമുള്ള നിരവധി പ്രശസ്ത സംവിധായയകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായി 2003 ലാണ് ദിപന്‍ സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടന്നുവന്നത്. ലീഡര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള വരവ്. പിന്നീട് ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ ഈ രണ്ടാം വരവ് ദീപന്‍ ശരിക്കും ആഘോഷമാക്കി മാറ്റി. 2009 ല്‍ സംവിധാനം ചെയ്ത പുതിയമുഖം ദീപന്‍ എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് മനസിലാക്കിക്കൊടുത്തു. പിന്നീട് ഹീറോ, സിം, ഡി കമ്പനി, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

 
എ എം

Share this news

Leave a Reply

%d bloggers like this: