പ്രശസ്ത അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ രാം ജത്മലാനി അന്തരിച്ചു

പ്രശസ്ത അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി നിര്യാതനായി. അദ്ദേഹത്തിന് 95 വയസായിരുന്നു. ഇന്നു രാവിലെ ഒമ്പതു മണിയോടെയായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിക്കൊണ്ടാണ് ജത്മലാനി പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിച്ചത്. ഇതില്‍ പാര്‍ലമെന്റ് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വാദിച്ചത് ജത്മലാനിയായിരുന്നു.

ആറാം ലോക്സഭയിലും ഏഴാം ലോക്സഭയിലും മുംബൈയില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് അദ്ദേഹം ലോക്സഭയിലെത്തിയിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2004-ല്‍ വാജ്പേയിക്കെതിരെ തന്നെ അദ്ദേഹം ലക്നൗവില്‍ മത്സരിക്കുകയും ചെയ്തു. ബിജെപിയുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങിയ അദ്ദേഹത്തെ പാര്‍ട്ടി പിന്നീട് രാജ്യസഭാംഗമാക്കുകയും ചെയ്തു. രാജ്യസഭയില്‍ നടന്ന മിക്ക ചര്‍ച്ചകളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെയേറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

വിഭജനത്തിന് മുമ്പ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള സിക്കാര്‍പൂരില്‍ 1923 സെപ്റ്റംബര്‍ 14-നാണ് രാം ബൂല്‍ചന്ദ് ജത്മലാനി ജനിച്ചത്.

18-ആം വയസില്‍ അഭിഭാഷനായി കരിയര്‍ ആരംഭിച്ച ജത്മലാനിയുടെ ആദ്യത്തെ പ്രശസ്തമായ കേസ് 1959-ലെ കെഎം നാനാവതി Vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്രയാണ്. ”സ്‌കൂളില്‍ എനിക്ക് ഡബിള്‍ പ്രൊമോഷന്‍ ലഭിച്ചിട്ടുണ്ട്. 10-ആം ക്ലാസ് പാസായത് 13-ആം വയസിലും എല്‍എല്‍ബി പസായത് 17-ആം വയസിലും. അക്കാലത്ത് അഭിഭാഷകന്‍ ആകണമെങ്കില്‍ 21 വയസ് തികയണമായിരുന്നു. എന്നാല്‍ എനിക്ക് പ്രത്യേകാനുമതിയിലൂടെ 18-ആം വയസില്‍ അഭിഭാഷകനാകാന്‍ പറ്റി”, 2002-ല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

2011-ല്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായതും ജത്മലാനിയയായിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് കേസിലെ പ്രതികളായ ഹര്‍ഷത് മേത്ത, കേതന്‍ പരേഖ് തുടങ്ങിയവര്‍ക്ക് വേണ്ടി ഹാജരായതും അദ്ദേഹമായിരുന്നു.

2010-ല്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: