പ്രവാസി ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക: ഭാര്യയെ പീഢിപ്പിച്ചാല്‍ പാസ്പോര്‍ട്ട് റദ്ദാക്കും

 

ഭാര്യമാരെ പീഢിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവാസി ഭര്‍ത്താക്കാന്മാരെ വിമനത്താവളങ്ങളില്‍ തടഞ്ഞുവെക്കുന്നതും ഇവരുടെ പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് സൂചന. ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നതതല കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെടുന്നപക്ഷം നാട്ടിലുള്ള ഭാര്യമാരെ ഉപേക്ഷിക്കുകയോ പീഢിപ്പിക്കുകയോ ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്ക് വിദേശത്തേക്ക് മടങ്ങിപ്പോകാനുള്ള സാധ്യത കുറയും. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ നിരവധി പരാതികള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കഴിഞ്ഞ മേയില്‍ സമിതിക്ക് രൂപം നല്‍കിയത്.

ഗാര്‍ഹീക പീഢനങ്ങള്‍ നടത്തിയ ശേഷം വിദേശത്തേക്ക് കടക്കുന്ന ഭര്‍ത്താക്കന്മാരെ മടക്കിക്കൊണ്ടുവരുന്നതിനായി ഈ വിഷയം വിദേശരാജ്യങ്ങളുമായുള്ള കുറ്റവാളികളെ കൈമാറുന്ന കരാറുകളില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവഴി വിദേശത്തേക്ക് കടക്കുന്ന ഭര്‍ത്താക്കന്മാരെ നിയമനടപടികള്‍ നേരിടുന്നതിനായി നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കും. നിലവില്‍ വിവാഹമോചനം, ഗാര്‍ഹീക പീഢനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരെ നാട്ടിലേക്ക് നിയമപരമായി മടക്കിക്കൊണ്ടുവരല്‍ ഏകദേശം അസാധ്യമായി തുടരുകയാണ്.

പഞ്ചാബ് പ്രവാസി കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷന്‍ വിരമിച്ച ജഡ്ജി അരവിന്ദ് കുമാര്‍ ഗോയല്‍ തലവനായുള്ള ഒമ്പതംഗ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് സൂചന. ഈ വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രയവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന വനിത ശിശുക്ഷേമ മന്ത്രാലയത്തിനും നിര്‍ദ്ദേശങ്ങള്‍ സ്വീകര്യമായിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വനിത, ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയും ഈ വിഷയം ഇതിനകം തന്നെ പല വേദികളിലും ഉന്നയിച്ചിട്ടുണ്ട്.

ഭാര്യമാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്ന് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. പാസ്പോര്‍ട്ട് പിടിച്ചെടുക്കുന്നപക്ഷം ഇന്ത്യയിലുള്ള പ്രവാസിക്ക് രാജ്യം വിടാന്‍ സാധിക്കില്ല. വിദേശത്തുള്ളവരാണെങ്കില്‍ അവരെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുകയും ചെയ്യും. നിലവില്‍ പാസ്പോര്‍ട്ട് ചട്ടത്തിലെ 10(3) വകുപ്പ് പ്രകാരം പ്രഥമവിവരറിപ്പോര്‍ട്ടുകളോ കോടതികളില്‍ കേസുകളോ ഉള്ളവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവെക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ അവബോധങ്ങളുടെ അഭാവം നിമിത്തം ഇത് പലപ്പോഴും നടപ്പിലാക്കപ്പെടാറില്ല.

ഇങ്ങനെ ഉപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സ്ഥാപതികാര്യാലയങ്ങള്‍ നല്‍കുന്ന സാമ്പത്തികസഹായം 3,000 ഡോളറില്‍ നിന്നും 6,000 ഡോളര്‍ ആയി വര്‍ദ്ധിപ്പിക്കാനും കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. വിദേശത്ത് ജീവിക്കുന്നവര്‍ക്ക് അവിടെ നിയമസേവന ചിലവുകള്‍ നേരിടുന്നതിനാണ് ഈ സാമ്പത്തിക സഹായം നല്‍കുന്നത്.

2014ല്‍ 346 പരാതികളാണ് പ്രവാസി ഭര്‍ത്തക്കാന്മാരെ കുറിച്ച് ദേശിയ വനിത കമ്മീഷന് ലഭിച്ചത്. പാസ്പോര്‍ട്ട് പിടിച്ചുവെച്ചുകൊണ്ട് യാത്ര ചെയ്യുന്നത് തടയുക, ഭാര്യയെ ഇന്ത്യയില്‍ ഉപേക്ഷിച്ച ശേഷം അപ്രത്യക്ഷരാവുക, വിദേശരാജ്യങ്ങളില്‍ ഭാര്യമാരെ ഉപേക്ഷിക്കുക, കുട്ടികളെ വിദേശങ്ങളില്‍ തടഞ്ഞുവെക്കുകയും അമ്മമാരുമായി ബന്ധപ്പെടുന്നതില്‍ നിന്നും അകറ്റുകയും ചെയ്യുക തുടങ്ങിയ പരാതികളാണ് ഇതില്‍ ഏറെയും. പാരതിയുമായി മുന്നോട്ട് വരുന്നവരുടെ എണ്ണം കുറവായതിനാല്‍ യഥാര്‍ത്ഥ ചിത്രം ഇതിലും വലുതായിരിക്കുമെന്ന് വനിത, ശിശുക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. 10 പ്രവാസ വിവാഹങ്ങളില്‍ രണ്ട് എണ്ണത്തിലും മധുവിധുവിന് ശേഷം ഭാര്യമാര്‍ ഉപേക്ഷിക്കപ്പെടുകയാണെന്ന് 2009ല്‍ വനിത കമ്മീഷന്റെ അന്നത്തെ അദ്ധ്യക്ഷ ഗിരിജ വ്യാസ് പറഞ്ഞിരുന്നു.

എല്ലാ വിവാഹങ്ങളും, പ്രത്യേകിച്ചു പ്രവാസികളുമായി ബന്ധപ്പെട്ട വിവാഹങ്ങള്‍ നിര്‍ബന്ധിതമായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരു കേന്ദ്ര നിയമത്തിന് കീഴില്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രവാസി വരന്റെ പാസ്പോര്‍ട്ട്, സാമൂഹിക സുരക്ഷ, പാര്‍പ്പിടം, ജോലി തുടങ്ങിയവ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തണം. ഭാര്യമാരെ ഉപേക്ഷിക്കുന്നപക്ഷം ഭര്‍ത്താക്കന്മാരെ കണ്ടെത്താന്‍ ഇത്തരം വിവരങ്ങള്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബില്‍ ഇതിനകം തന്നെ ഈ സംവിധാനം നിലവിലുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: