പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, വിവിധ മേഖലകളിലേക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ് നല്‍കാനൊരുങ്ങി അയര്‍ലണ്ട്

യൂറോപ്യന്‍ എക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്തുനിന്നുള്ളവര്‍ക്ക് സീസണല്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്ന പുതിയ സ്‌കീം ഗവണ്മെന്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നു. ചുരുങ്ങിയ കാലത്തേക്ക് അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയെകുറിച്ചു ബിസിനസ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നോവേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഗവണ്‍മെന്റിനോട് ശുപാര്‍ശചെയ്തത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അയര്‍ലണ്ടിന്റെ ഇക്കണോമിക് മൈഗ്രേഷന്‍ പോളിസി പുനര്‍നിര്‍ണ്ണയിക്കാന്‍ ഗവണ്മെന്റ് ഒരുങ്ങുന്നത്. ഐറിഷ് ലേബര്‍ മാര്‍ക്കറ്റിനെ തടസ്സപ്പെടുത്താതെ തന്നെ ചുരുങ്ങിയ കാലത്തേക്ക് വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക തസ്തികകളില്‍ നിശ്ചിത സമയത്തേക്കാകും ഇത്തരം നിയമനങ്ങള്‍ അനുവദിക്കുക.

അഗ്രിക്കള്‍ച്ചര്‍, ഫുഡ് ആന്‍ഡ് മറൈന്‍ മേഖലയിലേക്ക് ബിസിനസ്സ് മന്ത്രി ഹീതര്‍ ഹംഫ്രീസ് ഈ വര്‍ഷം ഒരു പൈലറ്റ് സ്‌കീം പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഹോര്‍ട്ടിക്കള്‍ച്ചര്‍, മീറ്റ് പ്രോസസ്സിംഗ് ഓപ്പറേറ്റര്‍, ഡയറി ഫം അസിസ്റ്റന്റ് തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് താത്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചത്. സെപ്റ്റംബര്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് 11,238 തൊഴില്‍ പെര്‍മിറ്റ് അപേക്ഷകളാണ് ലഭിച്ചത്. അതായത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 29 ശതമാനം വര്‍ധനനവ് (8,690) ഉണ്ടായി. ഇതില്‍ 8,043 പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതിനേക്കാള്‍ 6 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കുറഞ്ഞ സമയത്തേക്ക് വിദഗ്ധരായ വിദേശികളുടെ സേവനം ആവശ്യമായിവരുന്ന സന്ദര്‍ഭങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ സ്‌കീം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് മന്ത്രി ഹീതര്‍ ഹംഫ്രീസ് സൂചിപ്പിച്ചു. ശക്തമായ തൊഴില്‍ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, പുതിയ സമ്മര്‍ദങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നും അതിനാല്‍ ചില പൊരുത്തപ്പെടുത്തലുകള്‍ ആവശ്യമാണെന്നും അവര്‍ സൂചിപ്പിച്ചു. കഴിവുറ്റ വിദഗ്ധ തൊഴിലാളികളെ കൊണ്ടുവന്ന് തൊഴില്‍ മേഖലയെ അടിമുടി പരിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മെഡിസിന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, സയന്‍സ്, ഫിനാന്‍സ്, ബിസിനസ് തുടങ്ങി അതിവിദഗ്ധ മേഖലകളിലേക്കും റിക്രൂട്ട്‌മെന്റുകള്‍ നടക്കും.

തൊഴില്‍ മാര്‍ക്കറ്റിന്റെ ആവശ്യം മുന്‍നിര്‍ത്തി ഇത്തരത്തിലുള്ള തൊഴിലുകള്‍ ഏതെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ണയിക്കുകയും അവ എല്ലാ വര്‍ഷവും പുതുക്കുകയും ചെയ്യണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഇതിനായി വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വിദഗ്ധ തൊഴിലാളികളെ ആവശ്യമായ തൊഴില്‍ മേഖല കണ്ടെത്തുകയും ആവശ്യമായ നോണ്‍ ഇയു പ്രവാസി ജീവനക്കാര്‍ക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുകയും ചെയ്യും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: