പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് പൊതുതെരഞ്ഞെടുപ്പുകളില്‍ പ്രോക്‌സി വോട്ട് (പകരക്കാരെ ഉപയോഗിച്ചു) ചെയ്യുന്നതിനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. പ്രോക്‌സി വോട്ടിംഗിനുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതാണ്. ഇതിനായി 2017ലെ ജനപ്രാതിനിധ്യ നിയമ ഭേദഗതിക്കുള്ള ബില്ലിനാണ് ഇപ്പോള്‍ ലോക്‌സഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. അതേ സമയം പ്രോക്സി വോട്ടുകള്‍ പ്രവാസിയുടെ രാഷ്ട്രീയ താത്പര്യത്തിന് വിരുദ്ധമായി ചെയ്യാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തോടെ ഓണ്‍ലൈന്‍ മാര്‍ഗം മതിയാകും എന്നും ചിലര്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ചു വോട്ട് ചെയ്യാനുള്ള അവസരമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാര്‍) അതേ മണ്ഡലത്തില്‍ തന്നെയുള്ള ആളായിരിക്കണം. പകരം വ്യക്തിയെ ചുമതലപ്പെടുത്തിക്കൊണ്ട് ആറും മാസം മുന്‍പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഇങ്ങനെ ഒരു പ്രാവശ്യം ചുമതലപ്പെടുത്തുന്ന പകരം വ്യക്തിക്കും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും പ്രവാസിക്കു വേണ്ടി വോട്ട് ചെയ്യാം.

പ്രോക്‌സി വോട്ടിനെ ചൊല്ലിയുള്ള എംപിമാരുടെ ആശങ്കകള്‍ക്കെല്ലാം തന്നെ നിയമപരമായ പരിഹാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇ വോട്ടിംഗ് സംവിധാനം പൂര്‍ണമായും സുരക്ഷിതവും സുതാര്യവുമാകില്ല. അതിനായി കൂടുതല്‍ സാങ്കേതിക കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം അപ്രാപ്യമായ സാഹചര്യം കണക്കിലെടുത്താണ് നിയമഭേദഗതിക്കു രൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളേറെയും കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പുതിയ നിയമ ഭേദഗതി ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. 1.6 കോടിയോളം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ തീരുമാനം വോട്ടര്‍പട്ടികയില്‍ പേരുള്ള 60 ലക്ഷം പ്രവാസികള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: