പ്രവാസികളെ മറന്ന് കേന്ദ്ര ബജറ്റ്; ഇത് വെറും പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ്

നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ പ്രവാസി സമൂഹത്തെ പൂര്‍ണ്ണമായും മറന്നു. പ്രവാസികളെപ്പറ്റി ഒരുവരിപോലും ഇല്ലാതെയാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ഓരോ ബജറ്റ് അവതരണ വേളയിലും മഴകാക്കുന്ന വേഴാമ്പലിനെപ്പോലെ പ്രവാസി ഇന്ത്യക്കാര്‍ ഓരോ അനുകൂല പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടിയും കാത്തിരിക്കും. ലോകത്തിന്റെ നാനാഭാഗങ്ങളിലായി കഴിയുന്ന മൂന്ന് കോടിയിലധികം ഇന്ത്യക്കാരെയും പ്രതിവര്‍ഷം അയക്കുന്ന 7500 കോടി ഡോളറിനേയും മറന്നുകൊണ്ടുള്ളതാണ് ബജറ്റ് എന്ന ആക്ഷേപം ശക്തമാണ്.

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ കരുത്ത് നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന പ്രവാസികള്‍ കാലങ്ങളായി ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ ഒന്ന് പോലും പരിഹരിക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇല്ല. വിമാന ടിക്കറ്റുകളുടെ ക്രമാതീതമായ നിരക്ക് വര്‍ദ്ധനവിനെതിരെ നിരവധി തവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും അനക്കമില്ല. നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി, സ്വര്‍ണത്തിന്റെ പരിധി ഉയര്‍ത്തല്‍, തിരിച്ചുപോകുന്ന പ്രവാസികള്‍ക്കായി ക്ഷേമ പദ്ധതി തുടങ്ങിയ സൌകര്യങ്ങളെകുറിച്ച് പ്രവാസികള്‍ സ്വപനം കാണുന്നു.

പലരുടേയും മുന്നില്‍ പ്രവാസികള്‍ ധനം സമ്പാദിക്കാന്‍ വേണ്ടി മാറി നില്‍ക്കുന്നവര്‍ മാത്രമാണ്. അത് പോലെ മടങ്ങി ചെല്ലുന്ന പ്രവാസികള്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ചികിത്സാ സൌകര്യമൊരുക്കാനും എന്തെങ്കിലുമൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രവാസികള്‍ കാത്തിരുന്നു. പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്‌നവും സീസണുകളിലെ വിമാന നിരക്കിലെ കൊള്ളയും തടയുന്നതിന് യാതൊരു നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഇല്ല. പതിറ്റാണ്ടുകളായി പ്രവാസികള്‍ ഉന്നയിക്കുന്ന ഈ വിഷയം പരിഹരിക്കപ്പെടാതെ തുടരുകയാണ്.

മൂന്ന് കോടി പ്രവാസി ഇന്ത്യക്കാരില്‍ 30 ലക്ഷം വരുന്ന മലയാളികള്‍ മാത്രം ഒരു ലക്ഷം കോടി രൂപ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുമ്പോഴാണ് ഈ അവഗണന നേരിടുന്നത്. അതേസമയം ബജറ്റില്‍ പരിഗണിക്കപ്പെടാത്തതിന്റെ പേരില്‍ പ്രവാസി സമൂഹം നിരാശപ്പെട്ട് ഇരിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്. ബജറ്റ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് പാസാക്കുന്ന സമയത്ത് പ്രവാസികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുന്ന തരത്തില്‍ ശക്തമായ നിലപാട് സര്‍ക്കാറിനെ അറിയിക്കാന്‍ എം.പിമാര്‍ക്ക് കഴിയണം.

എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റിലെ നിര്‍ദേശങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ബജറ്റിലെ നിര്‍ദേശങ്ങള്‍ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ബജറ്റ് രൂപത്തില്‍ പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വോട്ട് ഓണ്‍ അക്കൗണ്ട് അല്ല, വോട്ടിന് വേണ്ടിയുള്ള അക്കൗണ്ടാണ് എന്ന് പി ചിദംബരം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ പ്രതികരണമാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റ് അവസാനത്തെ തട്ടിപ്പ് ബജറ്റാണന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഞ്ചു വര്‍ഷമായി കര്‍ഷകരെ തകര്‍ത്തുകൊണ്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച തുക പരിഹാസ്യമാണ്. കര്‍ഷകര്‍ക്ക് ദിവസം 17 രൂപ കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

5 വര്‍ഷവും ജനത്തെ മറന്നും മുമ്പ് പറഞ്ഞു നടന്നത് മറന്നും അവതരിപ്പിച്ച 5 ബജറ്റുകള്‍ക്ക് ശേഷം നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥതയുണ്ടെന്നു തോന്നിക്കാത്ത വിധം പ്രഖ്യാപിച്ച ഒരു പ്രകടന പത്രികയായി മാറി നരേന്ദ്രമോഡി സര്‍ക്കാരിന്റെ പുതിയ ബജറ്റ്. ആദായനികുതി പരിധി 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ ബജറ്റില്‍ തന്നെ രാജ്യം പ്രതീക്ഷിച്ചിരുന്നതായിരുന്നു അത്. ആദായനികുതി പരിധി ഏഴോ എട്ടോ ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് പറഞ്ഞു നടന്നത്.

മോഡി വന്നാല്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കാമെന്ന് ജനം ചിന്തിച്ചത് അദ്ദേഹത്തിന്റെ അത്തരം ചില കാഴ്ചപ്പാടുകള്‍ കണ്ടുകൊണ്ടായിരുന്നു. അതൊക്കെ തെറ്റിക്കുന്ന വിധം ആദായനികുതി പരിധികളൊക്കെ കഴിഞ്ഞ 5 വര്‍ഷവും ചെറിയ മാറ്റങ്ങളോടെ അങ്ങനെ തന്നെ തുടര്‍ന്നു. 5 വര്‍ഷ0 മുമ്പ് ചെയ്യേണ്ടിയിരുന്നത് അന്ന് ചെയ്യാതെ ഇപ്പോള്‍ അടുത്ത വര്‍ഷം പ്രാവര്‍ത്തികമാക്കാം എന്ന തരത്തില്‍ ഒരിളവ് പ്രഖ്യാപിച്ചിരിക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ ജനതയുടെ ഏറ്റവും വലിയ പ്രത്യേകത രാജ്യത്തിന്റെ യുവത്വമാണ്. ജനസംഖ്യയുടെ 63 ശതമാനവും 35 വയസിന് താഴെയുള്ളവരുടെതാണ്. അവര്‍ക്ക് 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് പറഞ്ഞാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പ്രവാസ ലോകത്ത് മാന്യമായി ജോലി ചെയ്യുന്ന പ്രവാസികളോട് മോഡി പറഞ്ഞത് ‘നിങ്ങള്‍ രാജിവച്ച് ഇന്ത്യയിലേക്ക് വരൂ, നിങ്ങള്‍ക്ക് അതിലധികം ഞാനിവിടെ തരാം’ എന്നായിരുന്നു. എന്നാല്‍ വര്‍ഷത്തില്‍ 1 കോടി ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഈ ബജറ്റും സ്വപ്നങ്ങള്‍ വിതറുകയാണ്. യുവത്വത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലാതായി.

Share this news

Leave a Reply

%d bloggers like this: