പ്രവാസികളുടെ പണം ഏറ്റവും കൂടുതല്‍ കേരളത്തിലേക്ക്

അംഗീകൃതസംവിധാനങ്ങള്‍വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ ഇന്ത്യയില്‍ ഒന്നാമത് കേരളം. യു.എ.ഇ.യില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്. പ്രവാസിപ്പണത്തിന്റെ 2016-17 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യതന്നെയാണ്. ഫോറിന്‍ റെമിറ്റന്‍സിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയാണ് ഒന്നാമത്. മുന്‍വര്‍ഷത്തെ കുത്തനെയുള്ള ഇടിവിനെ മറികടന്നാണ് 2017 ലെ വളര്‍ച്ച. 9.9 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

6900 കോടി ഡോളറാണ് (4,95,661 കോടി രൂപ) ഇന്ത്യയിലെത്തിയത്. ഇതിന്റെ 46 ശതമാനവും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണെത്തുന്നത്. ആര്‍.ബി.ഐ. സര്‍വേപ്രകാരം മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനം (94175 കോടി രൂപ) എത്തിയത് കേരളത്തിലേക്കാണ്. 16.7 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 15 ശതമാനവുമായി കര്‍ണാടകം മൂന്നാംസ്ഥാനത്തുമാണ്. തമിഴ്നാട് (എട്ടു ശതമാനം), ആന്ധ്രാപ്രദേശ് (നാലു ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

മൊത്തം പ്രവാസിപ്പണത്തിന്റെ 26.9 ശതമാനവും വന്നത് യു.എ.ഇ.യില്‍ നിന്നാണ്. 22.9 ശതമാനവുമായി യു.എസ്.എ.യാണ് രണ്ടാംസ്ഥാനത്ത്. സൗദി അറേബ്യ(11.6), ഖത്തര്‍ (6.5), കുവൈത്ത് (5.5), ഒമാന്‍ (3), യു.കെ(3) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. മൊത്തം പണത്തിന്റെ 50 ശതമാനവും വന്നത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്. ഇന്ത്യയില്‍നിന്നുള്ള പ്രവാസികളില്‍ 90 ശതമാനവും ജോലിചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലും ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലുമാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: