പ്രവാസികളുടെ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും: പ്രധാനമന്ത്രി

 
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ സഹകരണം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെയും യു.എ.ഇയുടെ വികസനത്തില്‍ ഒരുപോലെ നിര്‍ണ്ണായക പങ്കാളികളാകുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ പദ്ധതികള്‍ക്ക് സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഞായറാഴ്ച്ച യു.എ.ഇയില്‍ എത്തുന്ന പ്രധാനമന്ത്രി നയതന്ത്ര ചര്‍ച്ചകള്‍ക്കുശേഷം തിങ്കളാഴ്ച്ച ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്യും.

സഹകരണം, സാമ്പത്തിക ഇടപാടുകള്‍, വാണിജ്യം, മാനവവിഭവശേഷി വിനിയോഗം എന്നീ മേഖലകളില്‍ പരസ്പരം ഏറെ ബന്ധപ്പെട്ടുകിടക്കുന്ന രാജ്യങ്ങളാണെങ്കിലും 34 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇയിലെത്തുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ഏറെ പ്രധാന്യമുള്ളതാണ്.

ഇന്ത്യയിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ക്കായിരിക്കും തന്റെ സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുകയെന്ന് നരേന്ദ്ര മോദി ട്വിറ്ററില്‍ വ്യക്തമാക്കി. ഊര്‍ജ്ജം, വ്യാപാരം എന്നീ രംഗങ്ങളിലെ പരസ്പര സഹകരണത്തിന് ഊന്നല്‍ നല്‍കും.യു.എ.ഇയുടെ സാമ്പത്തീക മുന്നേറ്റം ആരാധനയ്ക്കിട നല്‍കുന്നതും മാതൃകയാക്കാവുന്നതുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അബുദാബി രാജകുമാരനും സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദുമായും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും.

വികസനമാതൃകകള്‍ കാണാനുള്ള നഗര സന്ദര്‍ശനങ്ങളും പ്രധാനമന്ത്രിയുടെ യാത്രയുടെ ഭാഗമാണ്. തിങ്കളാഴ്ച്ച വൈകീട്ട് ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍വെച്ച് പ്രവാസി ഭാരതീയരെ അഭിസംബോധനചെയ്യുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. യു.എ.ഇ രണ്ടാം വീടാക്കിയ 2.5 ദശലക്ഷം പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ പദ്ധതികള്‍ക്ക് സന്ദര്‍ശനത്തില്‍ പ്രധാന്യം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: