പ്രളയമേഖലയില്‍ ചുമടെടുക്കുന്നത് കണ്ടു; എയര്‍ഫോഴ്‌സിലും ചുമടെടുപ്പാണെന്ന് തെറ്റിദ്ധരിച്ച് സൈനികന്റെ വിവാഹം മുടങ്ങി

അപ്രതീക്ഷിതമായ പ്രളയദുരന്തമാണ് കേരളം നേരിട്ടത്. അതിനെ അതിജീവിക്കാന്‍ കേരള സമൂഹം ഒരേ മനസോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകമാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ പ്രളയാനന്തരം പുറത്തു വരുന്ന ചില വാര്‍ത്തകള്‍ മനുഷ്യരുടെ മാത്രം സങ്കുചിതമനോഭാവം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളാണ്. പ്രളയം കാരണം തിരുവല്ലയില്‍ ഒരു എയര്‍ഫോഴ്‌സ് ജീവനക്കാരന്റെ വിവാഹം മുടങ്ങി എന്നതാണ് പുതിയ വാര്‍ത്ത. വിവാഹം നടക്കുന്നതും മുടങ്ങുന്നതും ഒരു പുതിയ സംഭവമല്ല. എന്നാല്‍ ഇവിടെ കാരണം ആണ് ഏറ്റവും വിചിത്രം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമടെടുത്തതിന്റെ പേരിലാണ് തിരുവല്ല കവിയൂര്‍ സ്വദേശിയായ മനു എം. നായരുടെ വിവാഹം മുടങ്ങിയിരിക്കുന്നത്.

മനുവിന്റെ സുഹൃത്ത് ഹരി പത്തനാപുരം അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെങ്ങന്നൂരില്‍ നേതൃത്വം നല്‍കിയ മനുഷ്യ സ്‌നേഹിയാണ് മനു .ഓണം ആഘോഷിക്കാനും സ്വന്തം വിവാഹത്തിന്റെ അവശ്യങ്ങള്‍ക്കുമായാണ് അവധിയെടുത്ത് മനു നാട്ടില്‍ എത്തിയത്. നാട്ടിലെ പ്രളയദുരിതം കണ്ടപ്പോള്‍ അവധിക്കു വന്ന അവശ്യങ്ങളൊക്കെ മറന്നു കൊണ്ട് മനു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മേജര്‍ ഹേമന്ത് രാജിനും മേജര്‍ റാങ്കിലുള്ള സ്‌കാഡെന്‍ ലീഡര്‍ അന്‍ഷ.വി.തോമസിനും ഒപ്പം ചെങ്ങന്നൂരിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മനു സജീവമായി പങ്കെടുത്തിരുന്നെന്നാണ് ഹരി പത്തനാപുരം പറയുന്നത്. വിവാഹത്തിനായി വാക്കാല്‍ ചില ഉറപ്പുകള്‍ കിട്ടിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ആണെന്നറിയിച്ചു. പിന്നീട് ഈ വിവാഹോചന മുടങ്ങുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.

പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകള്‍ ചുമന്ന് ഹാളില്‍ വയ്ക്കുന്നതും, ഹെലികോപ്റ്ററില്‍ തലചുമടായി കൊണ്ട് കയറ്റുന്നതും, മറ്റു കഷ്ടപ്പാടുകളുമൊക്കെ പെണ്ണിന്റെ വീട്ടുകാര്‍ അറിഞ്ഞത്രേ. Airforce CA അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലാണ് ജോലി എന്നതൊക്കെ വെറുതെയാണെന്നു അവര്‍ കരുതിക്കാണും. ഈ ചുമടെടുപ്പ് തന്നെയാണ് എയര്‍ഫോഴ്സ് ഓഫീസിലും മനുവിനുള്ളതെന്ന് അവര്‍ തെറ്റിദ്ധരിച്ചു.’ എന്നാണ് ഹരി പത്തനാപുരം തന്റെ ഫെയ്‌സ്ബൂക് കുറിപ്പില്‍ പറയുന്നത്.

അവരെ യഥാര്‍ത്ഥ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൂടേയെന്ന് ചോദിച്ചപ്പോള്‍ ‘ഞാനൊരു പട്ടാളക്കാരനാണ്. ചിലപ്പോള്‍ ഇതുപോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക. ഇപ്പോഴേ പിന്നില്‍ നിന്നുള്ള ഈ വിളിയാണെങ്കില്‍ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ’ എന്നായിരുന്നു മനു പ്രതികരിച്ചതെന്നും ഹരി പത്തനാപുരം പറയുന്നു.

 

Share this news

Leave a Reply

%d bloggers like this: