പ്രളയദുരിതത്തില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ആവശ്യമായ പിന്തുണ ലഭിച്ചില്ല – മുഖ്യമന്ത്രി

കേരളത്തിലെ പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മാണത്തിന് കേന്ദ്രം നല്‍കിയ സഹായം അപര്യാപ്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശിച്ചപ്പോള്‍ നല്ല സഹായം പ്രതീക്ഷിച്ചു. എന്നാല്‍ അനുവദിച്ചില്ല. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ, ആഗസ്റ്റ് മാസത്തില്‍ കര്‍ണാടകയിലെ ഒരു ജില്ലയില്‍ പ്രളയമുണ്ടായപ്പോള്‍ 546 കോടി രൂപ സഹായമായി നല്‍കി. ഉത്തരാഖണ്ഡിന് 2300 കോടിയും 2015ല്‍ ചെന്നൈയിലുണ്ടായ പ്രളയത്തിന് 940 കോടിയും കേന്ദ്രം നല്‍കി. എന്നിട്ടും കേരളത്തില്‍ നാശം വിതച്ച പ്രളയത്തിന് സഹായമില്ല – മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ നഷ്ടം നികത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗുരുതര അലംഭാവം കാണിക്കുന്നു. സഹായമായി നല്‍കിയത് 600 കോടി മാത്രമാണ്. പ്രളയകാലത്ത് അനുവദിച്ച അരിക്കും മണ്ണെണ്ണക്കും മറ്റും താങ്ങുവില നിരക്കില്‍ 265.74 കോടി തിരികെ നല്‍കേണ്ടി വന്നാല്‍ 334.26 കോടി മാത്രമേ മിച്ചം വരികയുള്ളുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല പ്രവാസി മലയാളികളെ സന്ദര്‍ശിച്ച് പണം സ്വരൂപിക്കാനുള്ള മന്ത്രിമാരുടെ യാത്രാനുമതിയും കേന്ദ്രം വിലക്കി. കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ഉണ്ടായ നഷ്ടം നികത്താന്‍ കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതി പരിഹരിക്കാന്‍ 5616 കോടി രൂപയും പ്രത്യേക സഹായ പാക്കേജ് ആയി 5000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകബാങ്ക്, ഐക്യരാഷ്ട്ര സഭ പ്രതിനിധികള്‍ നടത്തിയ പഠന പ്രകാരം 31,000 കോടിയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. നബാര്‍ഡില്‍ നിന്ന് 2500 കോടി വായ്പയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ലോക ബാങ്ക്, എഡിബി വായ്പകള്‍ കേന്ദ്രം ലഭ്യമാക്കണമെന്നും വിവിധ വകുപ്പുകള്‍ മുഖേനയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് 2018 ജൂലൈ 27 മുതല്‍ നവംബര്‍ 21 വരെ 2683.18 കോടിയും എസ്ഡിആര്‍എഫില്‍ 958.23 കോടിയും സഹായമായി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടും കൂടെ 3641.91 കോടി രൂപയാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. ദുരിതാശ്വാസ നിധിയിലെ ചെലവും മന്ത്രി സഭാ തീരുമാന പ്രകാരം നല്‍കാനുള്ളതും ചേര്‍ത്താല്‍ 1950.18 കോടിയും വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ 1357 കോടിയും വേണ്ടിവരും.

കേരള ജനത ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടപ്പോള്‍ ലോകം പ്രശംസിച്ചു. എല്ലാ തടസങ്ങളേയും തട്ടിമാറ്റി കൂടുതല്‍ ഐക്യത്തോടെ പുനര്‍നിര്‍മാണം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസന പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന യാതൊരുവിധ നീക്കങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല. ആവശ്യമായ ക്രമീകരണം സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു – മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: