പ്രളയകാലത്ത് പതിനായിരങ്ങളുടെ ജീവന്‍ രക്ഷിച്ച കേരളത്തിന്റെ മത്സ്യതൊഴിലാളികള്‍ക്ക് നോബേല്‍ പുരസ്‌ക്കാരത്തിന് ശുപാര്‍ശ

കേരളം വിറങ്ങലിച്ചു നിന്ന മഹാ പ്രളയകാലത്ത് പതിനായിരങ്ങളുടെ ജീവന്‍ രക്ഷിച്ച മത്സ്യതൊഴിലാളികളെ നോബേല്‍ പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്തു. പ്രളയത്തില്‍ രക്ഷകരായ കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം എം പി ശശിതരൂര്‍ ആണ് സമാധാനത്തിനുളള നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തത്. സമാധാന നൊബേലിന് ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വ്യക്തികളെയും സംഘടനകളെയും ശുപാര്‍ശ ചെയുന്നതിന് അനുമതിയുണ്ട്. ഇത് ഉപയോഗിച്ചാണ് ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത്. ഇന്നലെയായിരുന്നു നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയുന്നതിന് അവസാന ദിവസം.

നില്‍ക്കാതെ പെയ്ത മഴയും ഡാമുകള്‍ തുറന്നതും കേരളത്തെ വെള്ളത്തിലാഴ്ത്തിയപ്പോള്‍ പതിനായിരക്കണക്കിന് ജീവനുകള്‍ സ്വജീവന്‍ അപകടത്തിലാക്കി പോലും രക്ഷാപ്രവര്‍ത്തനമാണ് ലോകത്തിലെ പരമോന്നത പുരസ്‌ക്കാരങ്ങളിലൊന്നായ നൊബേലിന് ഇവരെ ശുപാര്‍ശ ചെയ്യാന്‍ കാരണമെന്ന് തരൂര്‍ വ്യക്തമാക്കി. നോബേല്‍ കമ്മറ്റിക്ക് അയച്ച കത്ത് ശശി തരൂര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയിസ് ആന്‍ഡേഴ്സണാണ് ശശി തരൂര്‍ കത്തയച്ചിരിക്കുന്നത്.

ഓഗസ്റ്റ് 15 മുതല്‍ 19 വരെയുണ്ടായ വെള്ളപ്പൊക്കത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് മത്സ്യതൊഴിലാളികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. കേരളത്തിന്റെ സ്വന്തം സൈന്യമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരെ പ്രകീര്‍ത്തിച്ചത്. സേനാ വിഭാഗങ്ങള്‍ക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.

പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുമായാണ് മല്‍സ്യത്തൊഴിലാളികള്‍ ആരും ആവശ്യപ്പെടാതെ തന്നെ പ്രളയമേഖലകളിലെത്തിയത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ സംഘങ്ങളും വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് നേരിട്ട് എത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങല്‍ ലോകം മുഴുവന്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അമ്പതിനായിരത്തിലേറെപ്പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: