പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളില്‍ മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തല്‍; നിയമ നടപടിക്ക് ഒരുങ്ങി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍

കേരളത്തിലെ വിപണിയില്‍ വ്യാപകമായ പ്രചാരത്തിലുണ്ടായിരുന്ന പ്രമുഖ ബ്രാന്‍ഡ് ആയ ഡബിള്‍ ഹോഴ്‌സിന്റെ മട്ട അരിയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട്. ഡബിള്‍ഹോഴ്സ് മട്ട അരിയില്‍ മായം സ്ഥിരീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് നല്‍കി. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും മട്ട അരി പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അസി.കമ്മീഷ്ണര്‍മാര്‍ക്ക് നിര്‍ദ്ധേശം നല്‍കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ എം.ജി രാജമാണിക്യം ഐഎഎസ് അറിയിച്ചു. അമിതമായി തവിടെണ്ണയും തവിടും ചേര്‍ത്ത് നിറംമാറ്റി കബളിപ്പിച്ചു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആകട് 2006 പ്രകാരമുള്ള നിയമ നടപടി കമ്പനിക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡബിള്‍ ഹോഴ്‌സ് മട്ട ബ്രോക്കണ്‍ റൈസ് സൂപ്പര്‍ ബ്രാന്‍ഡില്‍ മായമുണ്ടോ എന്ന സംശയം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ജെസി നാരായണന്‍ പ്രകടിപ്പിച്ചത്. ഈ ചോദ്യവുമായി ഇവര്‍ ഇട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. ഡബിള്‍ ഹോഴ്‌സ് മട്ട ബ്രോക്കണ്‍ റൈസ് സൂപ്പര്‍ കഴുകുമ്പോള്‍ ബ്രൗണ്‍ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ജെസി നാരായണന്‍ തെളിവുസഹിതം ചിത്രീകരിച്ചത്. ആദ്യ തവണ കഴുകുമ്പോള്‍ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്.

രാജമാണിക്യത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ജെസിയുടെ വീട്ടിലെത്തി അരിയുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇതേ ബാച്ചിലുള്ള അരിയുടെ സാമ്പിളുകള്‍ മറ്റ് കടകളില്‍ നിന്നും ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജെസി ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ഇതോടെയാണ് അരി പിന്‍വലിക്കാന്‍ രാജമാണിക്യം ഉത്തരവിട്ടത്. ഇതോടെ ഡബിള്‍ ഹോഴ്‌സിന്റെ മറ്റ് ഉല്‍പ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. അതേസമയം, അരിയില്‍ മായം കലര്‍ന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഡബിള്‍ ഹോഴ്‌സും മാനേജ്‌മെന്റും. അതിനായുള്ള ന്യായീകരണങ്ങളും അവര്‍ നല്‍കുന്നുണ്ട്.

നേരത്തെ ഈസ്റ്റേണ്‍ ബ്രാന്‍ഡിന്റെ കറിമസാലകളില്‍ മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നു. എറണാകുളം റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കറിപ്പൊടികളില്‍ മായം കലര്‍ന്നിട്ടുള്ളതായായി കണ്ടെത്തിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: