പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട് എത്തുന്നു; ഒന്നേകാല്‍ ലക്ഷത്തോളം ആളുകളെ എത്തിക്കാന്‍ ബിജെപി

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട് എത്തും. വെകിട്ട് ആറരയ്ക്ക് കടപ്പുറത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി. മോദിയുടെ പരിപാടിക്കായി ഒന്നേകാല്‍ ലക്ഷത്തോളം ആളുകളെ എത്തിക്കാനാണ് ബിജെപിയുടെ കേരള നേതൃത്വത്തിന്റെ ശ്രമം. മോദി കേരളത്തില്‍ എത്തുന്നത് പ്രമാണിച്ച് കോഴിക്കോട് വന്‍ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് കോഴിക്കോടെ ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ ജയഭാനു അഴിമുഖം പ്രതിനിധിയോട് പറഞ്ഞു.

വൈകിട്ട് 6.10ന് വ്യോമസേനയുടെപ്രത്യേക വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം കടപ്പുറത്തെ സമ്മേളന വേദിയിലെത്തും. 6.30 മുതല്‍ 7.10വരെയാണ് മോദിയുടെ പ്രസംഗം നടക്കുക. അതിന്ശേഷം വിമാനത്താവളത്തില്‍ തിരിച്ചെത്തി 07.35ന് തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനായി പോകും. പ്രധാനമന്ത്രി എത്തുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് കോഴിക്കോട് ഒരുക്കിയിരിക്കുന്നത്.

സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ കോഴിക്കോട് ചേര്‍ന്നിരുന്നു. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ഇന്നലെ രാവിലെ കോഴിക്കോട് ചേര്‍ന്നത്. സുരക്ഷാ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. കോഴിക്കോടെ പരിപാടിക്ക് ശേഷം നേരത്തെ തിരുവനന്തപുരത്താണ് പരിപാടി നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അതിന് മാറ്റം വരുത്തുകയായിരുന്നു. ഈ പതിനെട്ടിന് മോദി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. വോട്ടെടുപ്പിന് മുന്നോടിയായിട്ടുള്ള തിരുവനന്തപുരത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാാണ് മോദി വീണ്ടും എത്തുക.

അതേസമയം സൈനികര്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് മഹാരാഷ്ട്രയിലെ ലത്തൂരില്‍ മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കൂടാതെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ന്യൂനപക്ഷങ്ങളുടെ കേന്ദ്രത്തിലേക്ക് ഒളിച്ചോടിയതാണ് എന്ന ആക്ഷേപവും മോദി ഉന്നയിച്ചിരുന്നു. മോദിയുടെ കോഴിക്കോട് പ്രസംഗം ഏത് രീതിയില്‍ ആയിരിക്കുമെന്ന ആകാക്ഷയിലാണ് രാഷ്ട്രീയ ലോകം.

Share this news

Leave a Reply

%d bloggers like this: