പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ചെലവഴിച്ചത് 1,484 കോടി ; കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്ക് ചെലവായത് 1,484 കോടിയെന്ന് കേന്ദ്രസര്‍ക്കാര്‍. 2014 ജൂണ്‍ മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനാണ് ഇത്രയും തുക ചെലവായത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും, ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനും ചെലവായ തുകയാണിത്.

രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങാണ് കണക്കുകള്‍ വെളിപ്പെടുത്തിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയാണ് ചെലവായത്. 2014 ജൂണ്‍ 15 നും 2018 ജൂണ്‍ പത്തിനും ഇടയിലുള്ള കാലയളവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപ ചെലവാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് 9.12 കോടി ചെലവായി.

2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 42 വിദേശയാത്രകളാണ് നരേന്ദ്രമോദി നടത്തിയത്. 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി വി.കെ സിങ് വെളിപ്പെടുത്തിയ കണക്കുകളില്‍ 2017 നും 18 നും ഇടെ നടത്തിയ വിദേശയാത്രകള്‍ക്കിടെ ഹോട്ട്ലൈന്‍ സംവിധാനത്തിനുള്ള ചെലവുകളും 2018 – 19 കാലത്തെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ചെലവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 – 16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ (24) സന്ദര്‍ശിച്ചത്. 2017 – 18 ല്‍ 19 ഉം 2016 – 17 ല്‍ 18 ഉം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014 – 15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014 ലെ ഭൂട്ടാന്‍ സന്ദര്‍ശനമായിരുന്നു ആദ്യത്തേത്. 2018 ല്‍ പത്ത് രാജ്യങ്ങളിലേക്ക് യാത്ര നടത്തി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: