പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് ഇന്നുതുടക്കം

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനം ഇന്ന് തുടങ്ങും. ഉച്ചയോടെ അബുദാബിയില്‍ എത്തുന്ന മോദി നാളെ ദുബായിലേക്ക് പോകും. ഇന്ന് അബുദാബി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയശേഷം അവിടുത്തെ ഷെയ്ഖ് സെയ്ദ് ഗ്രാന്‍ഡ് മോസ്‌ക്ക് മോദി സന്ദര്‍ശിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള മാര്‍ബിള്‍ ഉപയോഗിച്ചാണ് ഗ്രാന്‍ഡ് മോസ്‌ക് നിര്‍മ്മിച്ചിട്ടുള്ളത്.

തിങ്കളാഴ്ച ദുബായ് ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. 50,000 ലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുക്കും. കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യു.എ.ഇ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ തീവ്രവാദം അടക്കമുള്ളവ ചര്‍ച്ചാവിഷയമാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് പതിറ്റാണ്ടിനിടെ യു.എ.ഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1981 ല്‍ ഇന്ദിരാഗാന്ധി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. 25 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത്. ഇന്ത്യയിടെ വിലപ്പെട്ട സുഹൃത്താണ് യു.എ.ഇയെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. വാണിജ്യ വ്യാപാര രംഗത്തെ പ്രമുഖരുമായും ചര്‍ച്ചകള്‍ നടത്തും. 28,000 ത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലും മോദി സന്ദര്‍ശനം നടത്തും. തിരഞ്ഞെടുക്കപ്പെട്ട 300 ഓളം തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: