പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം ; അമേരിക്കന്‍ സിഇഒമാരുമായി ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ ചര്‍ച്ച ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ കമ്പനി നേതൃത്വങ്ങളുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ മുഖ്യ ചര്‍ച്ചാ വിഷയമാകും. ആഗോള ഭീമന്മാരായ വാള്‍മാര്‍ട്ട്, ആപ്പിള്‍, കാറ്റര്‍പില്ലര്‍ തുടങ്ങിയ 20 കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായി നാളെ മോദി ചര്‍ച്ച നടത്തുമെന്നാണ് ഔദ്യോഗിക വിവരം.

ലോജിസ്റ്റിക്സ് രംഗത്തെ ഇന്ത്യയുടെ കാര്യക്ഷമത, നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷമുള്ള സാമ്പത്തിക സ്ഥിതി, ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന ജിഎസ്ടിയിലൂടെ ഉണ്ടാകുന്ന നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും. ഇതിനു പുറമെ യുഎസ് നടപ്പാക്കുന്ന പുതിയ വിസാ നിയന്ത്രണങ്ങള്‍ ഐടി മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചും യുഎസ് കമ്പനി നേതൃത്വങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ചര്‍ച്ചയിലെ പ്രധാന അജണ്ട ഇന്ത്യയിലെ തൊഴില്‍ അന്തരീക്ഷമായിരിക്കുമെന്നാണ് യുഎസ് കമ്പനികള്‍ നല്‍കുന്ന സൂചന.

25-26 തിയതികളില്‍ നടക്കുന്ന യുഎസ് സന്ദര്‍ശനത്തില്‍ രണ്ടാമത്ത ദിവസമാണ് മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുക. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനം കൂടിയാണിത്. ഭീകരവാദം, എച്ച് 1ബി വിസ നിയന്ത്രണം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ട്രംപും മോദിയും ചര്‍ച്ച നടത്തും. വ്യപാര-ബിസിനസ് സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്കു പുറമെ പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ചര്‍ച്ചാ വിഷയമായേക്കും.

ആഭ്യന്തര പ്രശ്നങ്ങളും അന്താരാഷ്ട്ര തലത്തിലെ അഭിപ്രായ ഭിന്നതകളും യുഎസിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ്-മോദി കൂടികാഴ്ച എന്നതും ശ്രദ്ദേയമാണ്. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യുഎസ് പിന്മാറുന്നതായി അറിയിച്ച ട്രംപ് ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. പദ്ധതി യുഎസിന് ഗുണം ചെയ്യില്ലെന്ന് മാത്രല്ല ഉടമ്പടിയുടെ ഭാഗമായി ശതകോടി കണക്കിന് ഡോളര്‍ നിക്ഷേപം ഇന്ത്യ നേടിയെടുക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: