പ്രതിരോധ മാര്‍ഗങ്ങളെ മറികടന്ന് അയര്‍ലണ്ടില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: മറ്റൊരു എയ്ഡ്‌സ് ദിനം കൂടി കടന്നുപോകുമ്പോള്‍ അയര്‍ലന്‍ഡില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 447 വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ഈ വര്‍ഷം അത് 476 ആയി ഉയര്‍ന്നിരിക്കുകയാണ്. അയര്‍ലണ്ടിലെ രോഗബാധിതരുടെ എണ്ണം യൂറോപ്യന്‍ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് യൂറോപ്പിലെ എയ്ഡ്‌സ് നിരീക്ഷണ സംഘടനകള്‍ പറയുന്നു.

യൂറോപ്പില്‍ 2008 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ നിന്നാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലായി കാണപ്പെട്ടത്. എയ്ഡ്‌സ്‌നെ പ്രതിരോധിക്കാനുള്ള ഏറ്റവും നവീന ചികിത്സ രീതിയായ പ്രെപ് (പ്രീ എക്‌സ്‌പോഷര്‍ പ്രോപ്‌ഹൈലക്‌സിസ്) ന് അയര്‍ലണ്ടില്‍ തുടക്കമിട്ടിരുന്നു. എച്ച്‌ഐവി വൈറസ് പകരം സാധ്യത ഉള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഔഷധമാണ് പ്രെപ്.

അയര്‍ലണ്ടില്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വളിറ്റി അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രെപ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. എയ്ഡ്‌സ്മായി ബന്ധപ്പെട്ട ചികിത്സാ രംഗത്ത് ഏറെ ഫലപ്രദമായ ചികിത്സ രീതിയായിട്ടാണ് പ്രെപ് നെ കണക്കാക്കുന്നത്. പുതിയ വര്‍ഷം മുതല്‍ ഈ ചികിത്സ സൗജന്യമായി ജനങ്ങളില്‍ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.

രാജ്യത്തെ എല്ലാ കൗണ്ടികളിലും എച്ച്‌ഐവി പ്രതിരോധ ക്ലിനിക്കുകള്‍ ആരംഭിക്കും. രാജ്യത്ത് എയ്ഡ്‌സ് ബാധിതരെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്ന റ്റവ ഫാര്‍മസ്യൂട്ടിക്കല്‍സ് നടത്തിയ സര്‍വേ അനുസരിച്ച് അയര്‍ലണ്ടില്‍ 87 ശതമാനത്തോളം ആളുകള്‍ക്കും പ്രെപ് ചികിത്സയെക്കുറിച്ച് അറിവില്ല. എന്നുമാത്രമല്ല, അയര്‍ലണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ കോര്‍ക്കില്‍ എച്ച്‌ഐവി പ്രതിരോധ ക്ലിനിക്കുകളോ ചികിത്സാ സൗകര്യങ്ങളോ ലഭ്യമല്ലെന്നും കണ്ടെത്തി.

എയ്ഡ്‌സ് രോഗ നിര്‍ണയവും ചികിത്സാ രീതികളെക്കുറിച്ചുള്ള അറിവില്ലായ്മയും രാജ്യത്ത് എച്ച്‌ഐവി രോഗസാധ്യത വര്‍ധിപ്പിക്കുകയാണെന്ന് ഈ രംഗത്ത് നടക്കുന്ന ഗവേഷണങ്ങള്‍ പറയുന്നു. കൂടുതല്‍ ബോധവത്കരണം ഈ മേഖലയില്‍ നടക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നാള്‍ക്കുനാള്‍ രോഗബാധ സ്ഥിതീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതില്‍ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: