പ്രതിസന്ധി രൂക്ഷം: റിലയന്‍സ് തലപ്പത്തുനിന്നും രാജിവെച്ച് അനില്‍ അംബാനി…

മുംബൈ: കടക്കെണിയിലകപ്പെട്ട റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അനില്‍ അംബാനി രാജി വെച്ചു. പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ (Corporate Insolvency Resolution Process) നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയുടെ ആസ്തികള്‍ വില്‍ക്കുന്ന നടപടികള്‍ തുടങ്ങാനിരിക്കെയാണ് രാജി. ഡയറക്ടര്‍മാരായ ഛായാ വിരാനി, റൈന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗാചാര്‍ എന്നിവരും രാജി വെച്ചിട്ടുണ്ട്.

കമ്പനിയുടെ ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മണികണ്ഠന്‍ വി-യും രാജി സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന് കടം നല്‍കിയവരുടെ സമിതി ഈ രാജികള്‍ പരിശോധിക്കുകയും മേല്‍നടപടികള്‍ എടുക്കുകയും ചെയ്യും. ഇതിനു ശേഷം കാര്യങ്ങള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ ബോധിപ്പിക്കും. നവംബര്‍ 15ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം 2019 ജൂലൈ-സെപ്തംബര്‍ മാസത്തെ ആകെ നഷ്ടം 30,142 കോടി രൂപയാണ്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ബാധ്യതകള്‍ തട്ടിക്കിഴിച്ചതിനു ശേഷമാണ് കമ്പനിയുടെ ആകെ ലാഭനഷ്ടങ്ങള്‍ കണക്കാക്കിയത്.

രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ബാധ്യതകളിലൊന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റേതെന്ന് കണക്കുകള്‍ പറയുന്നു. വോഡഫോണ്‍ വോഡഫോണ്‍ ഐഡിയയുടെ ജൂലൈ-സെപ്തംബര്‍ മാസത്തിലെ നഷ്ടം 50,921 കോടി രൂപയാണെന്ന് വെളിപ്പെടുത്തപ്പെട്ടിരുന്നു. ഭാരതി എയര്‍ടെല്ലും സമാനമായ ഭീമമായ പ്രതിസന്ധിയെ നേരിടുകയാണ്. ഇവരുടെ നഷ്ടം 23,000 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1,141 കോടി രൂപയുടെ ലാഭം പ്രഖ്യാപിച്ച കമ്പനിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്.

Share this news

Leave a Reply

%d bloggers like this: