പ്രതിസന്ധി മറികടക്കാനായില്ലെങ്കില്‍ ഐഡിയ-വൊഡാഫോണ്‍ നിശ്ചലമാകും; മുന്നറിയിപ്പുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ്

മുംബൈ: വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ട് ടെലികോം കമ്പനിയായ ഐഡിയ-വൊഡാഫോണ്‍. കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശിക ഒടുക്കാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് വൊഡഫോണ്‍-ഐഡിയ അടച്ചുപൂട്ടുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയുടെ പ്രതികരണം. സര്‍ക്കാറിന് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ അടയ്ക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് കമ്പനിയുടെ മുന്നറിയിപ്പ്.

53,038 കോടി രൂപയുടെ കുടിശ്ശിക ഒടുക്കുന്നതിന് സര്‍ക്കാര്‍ ആശ്വാസം നല്‍കാത്ത സാഹചര്യത്തില്‍ വോഡഫോണ്‍ ഐഡിയയുടെ ഭാവിയെക്കുറിച്ചുള്ള ചോദിങ്ങളോട് കൂടി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജൂലൈ-സെപ്തംബര്‍ കാലത്ത് 50,000 കോടി രൂപയുടെ നഷ്ടമാണ് വൊഡഫോണ്‍- ഐഡിയ നേടിയത്. കൂടാതെ ലൈസന്‍സ് ഫീസ് ഇനത്തില്‍ 44,200 കോടിയുടെ ബാധ്യതയും കമ്പനിയ്ക്കുണ്ട്. ലോകത്ത് ഒരു കമ്പനിയ്ക്കും മൂന്നുമാസത്തിനിടയില്‍ അത്രയും ഉയര്‍ന്ന തുക ഒടുക്കാന്‍ സാധിക്കുകയില്ല എന്നും കെ.എം ബിര്‍ള പറഞ്ഞു.

കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ ടെലികോം മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ ബിര്‍ളയുടെ ഐഡിയ സെല്ലുലാര്‍, ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോണ്‍ പിഎല്‍സിയുടെ ഇന്ത്യ യൂണിറ്റ് എന്നിവ അടുത്തിടെ ലയിപ്പിച്ചിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വമ്പന്‍ ഓഫറുകളുമായി വിപണി പിടിച്ചതോടെയാണ് മറ്റ് കമ്പനികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. എന്നാല്‍, ഇപ്പോഴുള്ള പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാരില്‍ നിന്ന് ആശ്വാസകരമായ നടപടി ഉണ്ടായില്ലെങ്കില്‍ കമ്പനിയില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്തുമെന്നും കെ എം ബിര്‍ള മുന്നറിയിപ്പ് നല്‍കുന്നു. മൊബൈല്‍ സ്‌പെക്ട്രം ഫീസ് ആവശ്യപ്പെടുന്നത് സര്‍ക്കാര്‍ ഒഴിവാക്കുന്നില്ലെങ്കില്‍ വോഡഫോണ്‍-ഐഡിയ പാപ്പാരാവുമെന്ന് സിഇഒ നിക്ക് റീഡ് നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം സേവന ദാതാക്കളാണ് വൊഡഫോണ്‍-ഐഡിയ ലിമിറ്റഡ്.

Share this news

Leave a Reply

%d bloggers like this: