പ്രതിഷേധത്തിനെത്തിയ പ്രിയങ്കയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി കൂട്ടത്തില്‍ വൈദ്യുതിയും വിച്ഛേദിച്ചു : യു.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഉത്തര്‍പ്രദേശിലെ സോനഭദ്ര ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ പ്രദേശത്തെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തുരത്താന്‍ യു.പി സര്‍ക്കാര്‍ കൈകൊണ്ട നടപടിയില്‍ വ്യാപക പ്രതിഷേധം. ഭൂസമരത്തെ തുടര്‍ന്നാണ് സോനഭദ്രയില്‍ വെടിവയ്പ്പുണ്ടായത്. തുടര്‍ന്ന് ഇവിടെയെത്തിയ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക മിര്‍സപുരിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

പ്രിയങ്കയെ ഉടന്‍ തന്നെ സര്‍ക്കാര്‍ കാറില്‍ ഗസ്റ്റ് ഹൗസിലേക്ക് നീക്കുകയായിരുന്നു. പ്രിയങ്കയെ ഇവിടെ നിന്നും തുരത്താനാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. മെഴുകുതിരി- മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് പ്രവര്‍ത്തകര്‍ ഇന്നലെ ഒരു രാത്രി കഴിച്ചുകൂട്ടിയത്.

പ്രതിഷേധം തുടരും എന്ന് തന്നെയായിരുന്നു പ്രിയങ്കയുടെയും കണ്‍ഗ്രെസ്‌കാരുടെയും നിലപാട്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഇന്ന് മിര്‍സാപൂര്‍ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്കയെ കണ്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് പ്രിയങ്ക ഡല്‍ഹിയിലേയ്ക്ക് മടങ്ങി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് 10 ലക്ഷം രൂപ വീതം നല്‍കുമെന്നും പ്രിയങ്ക അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: