പ്രതിഷേധം നടത്തിയ ആളെ ഗാര്‍ഡ ബാറ്റണ്‍ കൊണ്ട് തല്ലുന്ന വീഡിയോ പുറത്ത്, സംഭവത്തില്‍ അന്വേഷണമാരംഭിച്ചു

 

ഡബ്ലിന്‍: പ്രതിഷേധം നടത്തിയ ആളെ ഗാര്‍ഡ ബാറ്റണ്‍ ഉപയോഗിച്ച് തല്ലുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ കമ്മീഷന്‍ (GSOC) അന്വേഷണമാരംഭിച്ചു. ഇന്നലെയാണ് സംഭവം നടക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 32 പ്രോപ്പര്‍ട്ടി ഹൗസിംഗ് എസ്റ്റേറ്റ് വില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഗൊറയ് ആഷ്ഡൗണ്‍ പാര്‍ക്ക് ഹോട്ടലില്‍ എത്തിയ പ്രതിഷേധക്കാര്‍ക്കുനേരെയാണ് ഗാര്‍ഡ ആക്രമണം നടത്തിയത്. ലേലം നടക്കുന്ന ഹാളിലെത്തിയ പ്രതിഷേധക്കാര്‍ വീടുകള്‍ ജനങ്ങള്‍ക്കാണെന്നും ലാഭക്കൊതിയന്‍മാര്‍ക്കല്ലെന്നും മുദ്രാവാക്യമുയര്‍ത്തി. തുടര്‍ന്ന് ഗാര്‍ഡ സംഭവസ്ഥലത്തെത്തി.

An Spréach: Housing Action Collective Facebook പേജില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ അറസ്റ്റ് ചെയ്യാന് തുടങ്ങുമ്പോള്‍ ഒരാള്‍ സംസാരിക്കുന്നതും പ്രതിഷേധക്കാരും ഗാര്‍ഡയുമായി മല്‍പിടുത്തമുണ്ടാകുന്നതും കാണാം. വീഡിയോയുടെ അവസാനം സമാധാനപരമായ പ്രതിഷേധമാണ് തങ്ങള്‍ നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുമ്പോള്‍ ഒരു ഗാര്‍ഡ ബാറ്റണ്‍ കൊണ്ട് പ്രതിഷേധം നടത്തുന്നയാളെ അടിക്കുന്നതും കാണാം. അടിക്കുന്ന ഗാര്‍ഡയുടെ മുഖം ദൃശ്യമല്ല. യാഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെതുടര്‍ന്ന് GOSC അന്വേഷണം ആരഭിക്കുകയായിരുന്നു. സ്വതന്ത്യാന്വേഷണത്തില്‍ പൊതുജനതാല്‍പര്യത്തിന് പ്രാധാന്യം കൊടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ഇന്നലെ നടന്ന പ്രതിഷേധത്തില്‍ 30 വയസിനടുത്ത് പ്രായമുള്ള ഒരാളെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ എന്നിസ്‌കോര്‍ട്ടി ഗാര്‍ഡ സ്‌റ്റേഷനില്‍ നിന്ന് വൈകിട്ട് വിട്ടയയ്ക്കുകയും ചെയ്തു.

സംഭവത്തിന് ദൃക്‌സാക്ഷികളാരെങ്കിലുമുണ്ടെങ്കില്‍ 1890 600 800 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ കമ്മീഷന്‍ അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: