പ്രകൃതിദുരന്തങ്ങളില്‍ ഇന്ത്യയ്ക്ക് 79.5 ബില്യണ്‍ ഡോളറിന്റെ സാമ്പത്തികനഷ്ടം

ന്യൂയോര്‍ക്ക്: നിരവധി ആഗോള പരിസ്ഥിതി സംഘടനകള്‍ നിരന്തരമായി കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും അതിന്റെ ആഘാതങ്ങളെ ക്കുറിച്ചും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ യുഎന്നിന്റെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ഓഫീസ് പുറത്തുവിട്ട ഒരു പഠനത്തിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ പ്രകൃതി ദുരന്തങ്ങളുടെ ഫലമായി ആഗോളതലത്തില്‍ 3 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായി. 1998 മുതല്‍ 2017 വരെ ആഗോളതലത്തില്‍ പ്രകൃതി ദുരന്തങ്ങളില്‍ ഏറ്റവുമധികം നഷ്ടം നേരിട്ട അഞ്ചു രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്. 79.5 ബില്യണ്‍ ഡോളര്‍ സാമ്പത്തിക നഷ്ടം ഇന്ത്യക്കുണ്ടായെന്നാണ് വിലയിരുത്തല്‍. ‘സാമ്പത്തിക നഷ്ടങ്ങള്‍, ദാരിദ്ര്യം, ദുരന്തങ്ങള്‍ 1998-2017’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഇക്കാലയളവില്‍ ദുരന്തങ്ങളുടെ ഫലമായി ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം നേരിട്ടത് യുഎസാണ്, 945 ബില്യണ്‍ ഡോളര്‍. ചൈന(492 ബില്യണ്‍), ജപ്പാന്‍(376 ബില്യണ്‍ ഡോളര്‍), ഇന്ത്യ (79.5 ബില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് തൊട്ടുപുറകിലെ സ്ഥാനങ്ങള്‍. 1998 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലുണ്ടായ മിക്കവാറും എല്ലാ ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായിരുന്നു. 7,255 ദുരന്തങ്ങളാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍, മരണസംഖ്യ എന്നിവ സംബന്ധിച്ചെല്ലാം പഠനത്തില്‍ വിശദമായി വിലയിരുത്തിയിട്ടുണ്ട്.

ചുഴലിക്കൊടുങ്കാറ്റ്, വരള്‍ച്ച, വെള്ളപ്പൊക്കം, ഭൂകമ്പം, തീവ്രമായ ചൂട്, സുനാമി എന്നീ പ്രകൃതിക്ഷോഭങ്ങളാണ് കൂടുതലായും നഷ്ടങ്ങള്‍ വരുത്തിവെക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് 53 ശതമാനം നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടം അവരുടെ ഭാവി വികസനത്തിനെ പ്രതികൂലമായി ബാധിക്കുകയും മുരടിപ്പിക്കുകയും ചെയ്യുന്നു. ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ചിട്ടുള്ള 17ഓളം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിജയകരമായി നിറവേറ്റുന്നതിനെയും ഇത് ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ 13 ശതമാനം ദുരന്തങ്ങളിലെ നഷ്ടങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടങ്ങളിലെ ഏകദേശം 87 ശതമാനത്തോളം പ്രകൃതി ദുരന്തങ്ങളുടെയും നഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല.

2.9 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം ആഗോളതലത്തില്‍ ഉണ്ടായതില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിക്ഷോഭങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് 2.2 ട്രില്യണ്‍ ഡോളറാണ്(77 ശതമാനം). കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ 151 ശതമാനം വര്‍ധനയാണ് പ്രകൃതിക്ഷോഭങ്ങള്‍ വരുത്തിവെക്കുന്ന നാശനഷ്ടങ്ങളില്‍ ഉണ്ടായത്.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില ദുരന്തബാധിത പ്രദേശങ്ങളില്‍ പത്തുലക്ഷത്തില്‍ ശരാശരി 130 എന്ന രീതിയിലാണ് മരണം സംഭവിച്ചിട്ടുള്ളത്. 2000 മുതലുള്ള കണക്കുകളാണിത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ ഇത് പത്തുലക്ഷത്തില്‍ ശരാശരി 18 പേര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: