ജപ്തിയുടെ പേരില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ നിന്നിറക്കി വിട്ടു; മുഖ്യമന്ത്രി ഇടപെട്ട് തിരികെ വീട്ടിലെത്തിച്ചു

ക്ഷയരോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ജപ്തിയുടെ പേരില്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ട സംഭവം വന്‍ വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് ദമ്പതികളെ വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചു. കിടപ്പാടം നഷ്ടമായ ദമ്പതികള്‍ക്ക് അത് തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യമാണ് അവിടെ നടന്നിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി അവര്‍ക്ക് ആഹാരം ലഭ്യമാക്കാനും മൂന്നു മാസത്തിനുള്ളില്‍ വീടിന്റെ കാര്യം ശരിയാക്കാനും ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

തൃപ്പൂണിത്തുറയില്‍ ഏഴു വര്‍ഷം മുമ്പ് സഹകരണ ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം രൂപ വായ്പയെടുത്ത വൃദ്ധ ദമ്പതികള്‍ക്കാണ് ഈ ദുര്‍ഗതി വന്നത്. അസുഖബാധിതരായതോടെ ഇവര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ വന്നു. ഇത് പലിശയടക്കം 2.70 ലക്ഷം രൂപയായതോടെ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചു. തുടര്‍ന്ന് ലേലത്തില്‍ വച്ച വീട് അനില്‍ കുമാര്‍ എന്നയാള്‍ വാങ്ങി. ഇതിനു പിന്നാലെയാണ് പോലീസിന്റെ സഹായത്തോടെ ഇവരെ വലിച്ചിഴച്ച് വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. ഇവരെ പിന്നീട് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതോടെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു.

ഇതോടെയാണ് മുഖ്യമന്ത്രി സംഭവം അറിയുന്നതും ദമ്പതികളെ വീട്ടില്‍ തിരികെ പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്നതും. വീടു വാങ്ങിയ ആള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മൂന്നു മാസത്തെ സാവകാശം ഇവര്‍ക്ക് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നതോടെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ദമ്പതികളെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.

നേരത്തെ, സംഭവം വന്‍ വിവാദമായതോടെ പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വീട്ടിലെത്തുകയും വീടിന്റെ പൂട്ട് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ജപ്തി നടപടികളുടെ ഭാഗമായി ഒരാളെയും വീട്ടില്‍ നിന്ന് ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഇത്തരത്തില്‍ അസുഖബാധിതരായ ദമ്പതികളെ ഇറക്കി വിടുന്ന നടപടിയുണ്ടായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: