പോള്‍ മുത്തൂറ്റ് വധക്കേസ്: 13 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാ വിധി രണ്ട് മണിക്ക്

 

തിരുവനന്തപുരം: പോള്‍ എം. ജോര്‍ജ് വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് 13 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

കേസിലെ ഒന്നാംപ്രതി ചങ്ങനാശേരി സ്വദേശി ജയചന്ദ്രന്‍, രണ്ടാംപ്രതി കാരി സതീശന്‍, സത്താര്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പേരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കേസില്‍ ആകെ 14 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 14-ാം പ്രതി അനീഷിനെ കോടതി വെറുതെ വിട്ടു. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം വിധി പറയും.

ആലപ്പുഴ സ്വദേശി നസീര്‍ എന്ന യുവാവിനെ വകവരുത്താന്‍ കാരി സതീശന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം യാത്ര തിരിക്കവെ പോള്‍ ജോര്‍ജ് സഞ്ചരിച്ചിരുന്ന എന്‍ഡവര്‍ കാറുമായി ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള വാക്കേറ്റമാണ് പോളിനെ കുത്തിക്കൊലപ്പെടുത്താന്‍ ഇടയാക്കിയത്.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും സംഭവദിവസം പോളിനോടൊപ്പം കാറില്‍ സഞ്ചിരിച്ചിരുന്നു. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം ഭയന്ന് ഇരുവരും അന്ന് രക്ഷപ്പെട്ടിരുന്നു. കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും അന്ന് പ്രതി ചേര്‍ത്തിരുന്നു. പോള്‍ ജോര്‍ജിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ച് കേസ് സിബിഐക്ക് വിടുകയായിരുന്നു. പിന്നീട് കേസ് അന്വേഷിച്ച സിബിഐ ഓംപ്രകാശിനെയും രാജേഷിനെയും മാപ്പുസാക്ഷിയാക്കി.

വധം നടന്ന് ആറുവര്‍ഷത്തിന് ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. ഇന്നലെ നടത്താനിരുന്ന വിധി പ്രസ്താവം കേസിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: