പോള്‍ ആറാമനും റൊമേറോയും വിശുദ്ധപദത്തില്‍; ആശംസയുമായി ഐറിഷ് പ്രസിഡന്റ് ഹിഗ്ഗിന്‍സ്

വത്തിക്കാന്‍ സിറ്റി: പോള്‍ ആറാമന്‍ മാര്‍പാപ്പ, ആര്‍ച്ച്ബിഷപ് ഓസ്‌കര്‍ റൊമേറോ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ വിശുദ്ധരുടെ പട്ടികയിലേക്ക്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചത്വരത്തില്‍ ഇന്നലെ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെയും തീര്ത്ഥാടകരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപന ചടങ്ങ്.

1963 മുതല്‍ 78 വരെ കത്തോലിക്കാസഭയെ നയിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കാലത്താണു വത്തിക്കാന്‍ സൂനഹദോസിന്റെ പ്രധാന സമ്മേളനങ്ങളെല്ലാം നടന്നത്. പുരോഗമന ചിന്തയെയും യാഥാസ്ഥിതികത്വത്തെയും സംയോജിപ്പിച്ചു സഭയില്‍ മാറ്റങ്ങള്‍ വരുത്തിയ ആളാണ് അദ്ദേഹം. ഇന്ത്യയില്‍ ആദ്യം സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ, സഭൈക്യ നീക്കങ്ങള്‍ക്കു കരുത്തുപകര്‍ന്നു മറ്റു ക്രിസ്തീയ സഭാ അധിപന്മാരുമായി കൂടിക്കാഴ്ചകള്‍ തുടങ്ങിയ മാര്‍പാപ്പ എന്നിങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്.

ലാറ്റിനമേരിക്കയിലെ എല്‍സാല്‍വദോറിലായിരുന്നു ആര്‍ച്ച്ബിഷപ് ഓസ്‌കര്‍ റൊമേറോയുടെ (1917-80) ജീവിതം. 1980 മാര്‍ച്ച് 24-നാണ് ഭരണകൂടത്തിന്റെ വാടകക്കൊലയാളികള്‍ ദിവ്യബലി മധ്യേ അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്. വിമോചന ദൈവശാസ്ത്രത്തിന്റെ അനുയായി ആയിരുന്നില്ലെങ്കിലും സ്വേച്ഛാധിപത്യത്തിനും ചൂഷണത്തിനുമെതിരേ ശക്തമായി പോരാടിയ ആളാണ് അദ്ദേഹം.

അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് പരിചിത മുഖമാണ് റൊമേറെയുടേത്. അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങില്‍ അന്നത്തെ ഗാല്‍വേ ബിഷപ്പ് എമോണ്‍ കാസി അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് എല്‍ സാല്‍വദോര്‍ സന്ദര്‍ശനത്തില്‍ റൊമേറെയുടെ അന്ത്യസ്ഥലത്ത് സന്ദര്‍ശനം നടത്തിയുരുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റൊമേറെയുടെ പോരാട്ടത്തെ ഹിഗ്ഗിന്‍സ് പ്രശംസിച്ചു.

ഇവരെ കൂടാതെ സിസ്റ്റേഴ്‌സ് അഡോറേഴ്‌സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയന്‍ വൈദികന്‍ ഫ്രന്‍ചെസ്‌കോ സ്പിനെല്ലി (1853-1913), ഇറ്റലിയിലെ നേപ്പിള്‍സുകാരനായ വൈദികന്‍ വിന്‍ചെന്‍സോ റൊമാനോ (1751-1831), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവര്‍ ഹാന്‍ഡ് മെയ്ഡ്‌സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജര്‍മന്‍കാരിയായ മരിയ കാതറീന കാസ്പര്‍ (1820-1898), സ്‌പെയിനില്‍ ജനിച്ച് അര്‍ജന്റീനയില്‍ മരിക്കുകയും മിഷനറി ക്രൂസേഡേഴ്‌സ് ഓഫ് ദ ചര്‍ച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്‌നാസിയ (1886-1943), രോഗപീഡകള്‍ക്കടിപ്പെട്ട് 19 വര്‍ഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരന്‍ നുണ്‍സിയോ സുള്‍പ്രീസിയോ എന്നിവരാണ് വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ട മറ്റുള്ളവര്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: