പൊന്നും കോഴിലേലം: ഒരു ലക്ഷം രൂപയ്ക്ക് പൂവന്‍കോഴിയെ ലേലത്തില്‍ വാങ്ങി കോട്ടയം സ്വദേശി മനോജ് ജോസഫ്…

കോട്ടയം: പൊന്‍പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഒരു ലക്ഷം രൂപയ്ക്ക് പൂവന്‍കോഴിയെ ലേലത്തില്‍ വിറ്റു. പള്ളിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തിലൊരു റെക്കോര്‍ഡ് ലേലം നടന്നത്. സെന്റ് ജോര്‍ജ് പള്ളിയിലെ പെരുന്നാളിന്റെ ഭാഗമാണ് പൊന്നും കോഴിലേലം. ലേലത്തിനുശേഷം ഏറ്റവും ഉയര്‍ന്ന ലേലത്തുക വിളിച്ചയാള്‍ക്ക് പൊന്നും കോഴിയെ സ്വന്തമാക്കാന്‍ കഴിയും.

കോയമ്പത്തൂരില്‍ ബിസിനസ് നടത്തുന്ന കോട്ടയം സ്വദേശിയായ മനോജ് ജോസഫാണ് ഈ വര്‍ഷത്തെ പൊന്നുംകോഴി ലേലത്തില്‍ വിജയിയായത്. മാര്‍ക്കറ്റുകളില്‍ 500 രൂപ മാത്രം വില വരുന്ന പൂവന്‍ കോഴിയെയാണ് മനോജ് ജോസഫ് 1.10 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചത്.

18 വര്‍ഷം മുമ്പാണ് സെന്റ് ജോര്‍ജ് പള്ളി ഇടവകയില്‍ നിന്നും മനോജ് ജോസഫ് ഈ വിവാഹം കഴിക്കുന്നത്. അന്നുതൊട്ട് പൊന്നും കോഴിയെ മനോജ് തന്നെയാണ് ലേലത്തില്‍ വാങ്ങാറ്. 18 വര്‍ഷം മുന്‍പ് 15,000 രൂപയ്ക്കായിരുന്നു പൊന്നും കോഴിയെ ലേലത്തില്‍ വാങ്ങിയത്. 2018 ല്‍ 60,000രൂപയ്ക്കും. ഈ വര്‍ഷത്തെ ലേലം വിളി കടുപ്പമായിരുന്നെന്നും അതിനാലാണ് ലേല തുക കൂടിയതെന്നും പള്ളി ട്രസ്റ്റിയായ അനില്‍ കെ കുര്യന്‍ പറയുന്നു.

പെരുന്നാളിന് വിശ്വാസികള്‍ പള്ളിയിലേക്ക് അപ്പവും കോഴികളെയും നേര്‍ച്ചയായി നല്‍കും. പെരുന്നാളിന്റെ അവസാന ദിവസം ഈ കോഴികളെ പള്ളി തന്നെ കറി വയ്ക്കുകയും അപ്പത്തോടൊപ്പം വിശ്വാസികള്‍ക്ക് തന്നെ വിതരണം ചെയ്യുകയും ചെയ്യും. കറിവയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയ ഒരു കോഴിയെയാണ് ലേലത്തിന് വയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: