പൊതുസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിനുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പൊതുസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ദെയിലില്‍ സ്ത്രീ പ്രതിനിധികള്‍ അവതരിപ്പിച്ച പ്രമേയത്തിന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു. പൊതു സ്ഥാപനങ്ങള്‍ നാപ്കിനുകള്‍ സൗജന്യമായി നല്‍കുന്നതോടെ സ്ത്രീകളുടെ ചെലവ് കുറക്കാന്‍ ആവുമെന്ന് വനിതാ പാര്‍ലമെന്ററി അംഗം സഭയെ അറിയിച്ചു.

ഈ ബില്‍ നിയമമാകുന്നതോടെ സ്‌കൂള്‍, കോളേജ്, ഹോസ്പിറ്റല്‍, ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍, ഗാര്‍ഡ സ്റ്റേഷന്‍, ജയില്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നാപ്കിനുകള്‍ സൗജന്യമായി ലഭ്യമാകും. ഇത് വാങ്ങുന്നതിന് വേണ്ടി സ്ത്രീകള്‍ ഏകദേശം 8000 യൂറോ ജീവിതകാലത്ത് ചെലവിടേണ്ടി വരുന്നു. പന്ത്രണ്ടിനും പത്തൊന്‍പത്തിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ 50 ശതമാനം ആളുകളും നാപ്കിനുകളുടെ വില വര്‍ധിക്കുന്നതില്‍ ആകുലരാണ്.

നാപ്കിനുകള്‍ വാറ്റ് നികുതിയില്‍ നിന്നും മുക്തമാക്കണമെന്ന ആവശ്യവും അയര്‍ലണ്ടിലെ സ്ത്രീ സമൂഹം ശക്തമായി ഉന്നയിക്കുന്നുണ്ട്. അയര്‍ലന്‍ഡ് ഒഴികെയുള്ള യൂണിയന്‍ രാജ്യങ്ങള്‍ നാപ്കിനുകള്‍ വാറ്റില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. അയര്‍ലന്‍ഡ് ഈ കാര്യത്തില്‍ വളരെ പുറകിലാണെന്ന് രാജ്യത്തെ സ്ത്രീ സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു.

സൗജന്യ നാപ്കിനുകള്‍ നല്‍കുന്നതോടൊപ്പം ആര്‍ത്തവ അവധികളും വേണമെന്ന് രാജ്യത്തെ വനിതാ പ്രതിനിധികള്‍ ആവശ്യപ്പെടുന്നു. സ്ത്രീ പതിനിധ്യവും വനിതാ സുരക്ഷയും പരിഗണിക്കുന്നതോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് അവശ്യം വേണ്ട അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റപ്പെടണമെന്ന പ്രമേയമാണ് ദെയിലില്‍ അവതരിപ്പിക്കപ്പെട്ടത്. വനിതാ ജീവനക്കാര്‍ക്കും സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് ദെയിലില്‍ അവതരിപ്പിക്കപ്പെട്ട ഈ ബില്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: