പേര് മാറ്റത്തിനൊരുങ്ങി യൂറോപ്പ്യന്‍ രാജ്യമായ മസിഡോണിയ

പേര് മാറ്റത്തിനൊരുങ്ങി യൂറോപ്പ്യന്‍ രാജ്യമായ മസിഡോണിയ, ഇതിനായുള്ള വോട്ടിങ് അടുത്ത ദിവസം മസിഡോണിയ പാര്‍ലമെന്റില്‍ നടക്കും, പേര് മാറ്റം അയല്‍രാജ്യമായ ഗ്രീസുമായുള്ള തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ പേര് നോര്‍ത്ത് മസിഡോണിയ എന്ന് മാറ്റാനുള്ള കരാറിന്മേലാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്. പേര് മാറുന്നതോടെ അയല്‍രാജ്യമായ ഗ്രീസുമായി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1991-ല്‍ യുഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാസിഡോണിയയെന്ന പേര് സ്വീകരിച്ചതോടെയാണ് ഗ്രീസുമായുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഗ്രീസിന്റെ വടക്കന്‍ പ്രവിശ്യയുടെ പേരും മാസിഡോണിയയെന്നാണ്. ഇതാണ് തര്‍ക്കകാരണം. സെപ്റ്റംബറില്‍ രാജ്യത്ത് നടന്ന ഹിതപരിശോധനയില്‍ 90 ശതമാനത്തിലധികം പേരും പേര് മാറ്റത്തെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.

പാര്‍ലമെന്റിലെ 120 അംഗങ്ങളില്‍ ഭരണപക്ഷത്തെ 72 പേരും പേര് മാറ്റത്തെ അനുകൂലിക്കുന്നവരാണ്. പേര് മാറ്റത്തിന് ചുരുങ്ങിയത് 80 വോട്ടുകളാണ് വേണ്ടത്. പേര് മാറിയാല്‍ മാസിഡോണിയക്ക് നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ സംഘടനകളിലും അംഗത്വം ലഭിക്കും, നിലവില്‍ ഇത് ഗ്രീസ് വീറ്റോ ചെയ്തിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: