പേയ്‌മെന്റ് ബാങ്കിന് അനുമതി,മൊബൈലിലൂടെ ഇടപാട് നടത്താമെന്നതിനാല്‍ പ്രവാസികള്‍ക്കും പ്രിയങ്കരമാകും

 

മുംബൈ: രാജ്യത്തെ 11 ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പേയ്‌മെന്റ് ബാങ്കുകളായി റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള നുവോ, ടെക് മഹീന്ദ്ര, എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ പതിനൊന്ന് സ്ഥാപനങ്ങള്‍ക്കാണ് പേയ്‌മെന്റ് ബാങ്കിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് അടുത്ത മാസം അനുമതി നല്‍കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു.

ഇന്ത്യയിലെ ബാങ്കിങ് മേഖലയുടെ നവീകരണമാണ് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍, കുറഞ്ഞ വരുമാനമുള്ളവര്‍, ചെറുകിടകുടുല്‍ വ്യവസായികള്‍ തുടങ്ങിയവരെ ആകര്‍ഷിക്കാന്‍ പേയ്‌മെന്റ് ബാങ്കുകള്‍ക്കാവുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍. പണം നിക്ഷേപിക്കാന്‍ സേവിങ്‌സ് അക്കൗണ്ട് നല്‍കാനും കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് മാത്രം ഈടാക്കി പണമിടപാട് നടത്താനും ഈ ബാങ്കുകള്‍ വഴി സാധിക്കും.

മൊബൈല്‍ ഫോണ്‍ കവറേജ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ബാങ്കുകള്‍ക്ക് എല്ലാ ഗ്രാമീണര്‍ക്കും അവരുടെ വിരല്‍ തുമ്പില്‍ ബാങ്കിങ് സൗകര്യം ലഭ്യമാക്കാനാകും. പണരഹിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഇത് വഴിവെക്കുമെന്നാണ് കരുതുന്നത്. മറ്റു ബാങ്കുകളിലുള്ളത് പോലെ നൂലാമാലകളൊന്നുമില്ലാതെ മൊബൈല്‍ ഫോണുകളിലൂടെ ഇടപാട് നടത്താമെന്നതിനാല്‍ തന്നെ പ്രവാസികള്‍ക്ക് പേയ്‌മെന്റ് ബാങ്കുകള്‍ പ്രിയങ്കരമാകും. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികളും ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ലഭ്യമാക്കാന്‍ പേയ്‌മെന്റ് ബാങ്കുകള്‍ മതി.

മൊബൈല്‍ ഫോണുകളിലൂടെയാകും പേയ്‌മെന്റ് ബാങ്കുകള്‍ ഉപഭോക്താവിലേക്ക് എത്തുക. പണം അടക്കാനും നിക്ഷേപിക്കാനും സൗകര്യമുണ്ടെങ്കിലും പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ അധികാരമില്ല. എന്നാല്‍ ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലേത് പോലെ നിക്ഷേപത്തിന് പലിശയും നല്‍കാം. മൊബൈല്‍ ഫോണ്‍ വഴി പണം അടക്കാനും കൈമാറാനും സൗകര്യമുണ്ടാകും. ഓട്ടോമാറ്റിക് പേയ്‌മെന്റ് വിഴി ബില്ലുകളടക്കാം. ക്യാഷോ ചെക്കോ ഇല്ലാതെ മൊബൈല്‍ ഫോണുകളിലൂടെ ഇടപാടുകള്‍ നടത്താം. എല്ലാ എടിഎമ്മുകളിലും സ്വീകരിക്കുന്ന എടിഎം, ടെബിറ്റ് കാര്‍ഡുകള്‍ പേയ്‌മെന്റ് ബാങ്കുകളിലും ലഭിക്കും. മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് പണച്ചെലവോ സര്‍വ്വീസ് ചാര്‍ജ്ജോ ഇല്ലാതെ നേരിട്ട് പണം കൈമാറാം.
യാത്രക്കാര്‍ക്ക് ഫോറെക്‌സ് കാര്‍ഡുകള്‍ ലഭിക്കും. എല്ലാ എടിഎമ്മുകളിലും ഉപയോഗിക്കാവുന്നവയായിരിക്കും ഇത്. മറ്റു ബാങ്കുകളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫോറെക്‌സ് (വിദേശ നാണയ വിനിമയം) സേവനം ലഭ്യമായിരിക്കും.ആപ്പിള്‍ പേ അടക്കമുള്ള സര്‍വ്വീസുകളുടെ കാര്‍ഡ് ആക്‌സെപ്റ്റന്‍സ് മെക്കാനിസം കൊണ്ടുവരാം.
പേയ്‌മെന്റ് ബാങ്കുകള്‍ക്ക് പുറമെ ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കും അടുത്ത മാസം അനുമതി നല്‍കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട ബാങ്കുകള്‍ക്കായി 72 അപേക്ഷകളും പേയ്‌മെന്റ് ബാങ്കുകള്‍ക്കായി 41 അപേക്ഷകളുമാണ് ആര്‍ബിഐയ്ക്ക് ലഭിച്ചത്. ഡിഎച്ച്എഫ്എല്‍, ഐഐഎഫ്എല്‍ ഹോള്‍ഡിങ്‌സ്, ലുലു ഫോറെക്‌സ്, എസ്‌കെഎസ് മൈക്രോ ഫിനാന്‍സ്, യുഎഇ എക്‌സ്‌ചേഞ്ച് തുടങ്ങിയവയാണ് ചെറുകിട ധനകാര്യ ബാങ്കിങ് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് വായ്പ അനുവദിക്കാന്‍ സ്‌മോള്‍ ഫിനാന്‍ഷ്യല്‍ ബാങ്കുകള്‍ക്കാവും.

പെയ്‌മെന്റ് ബാങ്കിനുള്ള അനുമതി ലഭിച്ച മറ്റ് സ്ഥആപനങ്ങള്‍

ചോളാമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍്വവീസ് ലിമിറ്റഡ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റ്‌സ്
ഫിനോ പേടെക്ക് ലിമിറ്റഡ്
നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
ദിലീപ് ശാന്തിലാല്‍ ഷങ്‌വി
വിജയ ശേഖര്‍ ശര്‍മ

-എജെ-

Share this news

Leave a Reply

%d bloggers like this: