പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു, ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ മറുനാടന്‍ തൊഴിലാളി കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് പെരുമ്പാവൂര്‍. വാഴക്കുളം എംഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (19)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു പിടിയിലായിട്ടുണ്ട്. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് തമ്പിക്കും രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും തമ്പിയുടെ സഹോദരന്‍ ഏലിയാസിനും പരിക്കേറ്റു. രണ്ടുവര്‍ഷം മുമ്പ് നിയമ വിദ്യാര്‍ഥിയായ പെണ്‍കുട്ടി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടതിന് സമാനമായ സംഭവമാണ് ഇതും.

പെരുമ്പാവൂര്‍ വാഴക്കുളം ഇടത്തിക്കാട് രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ബിജു നിമിഷയുടെ വല്യമ്മയുടെ മാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഇത് തടയുന്നതിനിടെയാണ് പിടിവലിയുണ്ടായതും നിമിഷയ്ക്ക് നേരെ ആക്രമണമുണ്ടായതും. വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി അല്പസമയത്തിനകം മരിച്ചു. താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ് തമ്പി. സലോമിയാണ് മാതാവ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്ന സഹോദരിയാണ്.

നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മായുന്നതിന് മുമ്പേയാണ് പെരുമ്പാവൂരിനെ ഞെട്ടിച്ച് സമാനരീതിയിലുള്ള മറ്റൊരു കൊലപാതകവും സംഭവിച്ചിരിക്കുന്നത്. 2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനി പെരുമ്പാവൂരിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ആദ്യദിവസങ്ങളില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ കൊലപാതകം പിന്നീട് മാധ്യമങ്ങളും നവമാധ്യമങ്ങളും ഏറ്റെടുത്തതോടെ രാജ്യമാകെ ചര്‍ച്ചാവിഷയമായി. പ്രതിയെ കണ്ടെത്താന്‍ വൈകുന്നതില്‍ പോലീസിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഒടുവില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തക്കറയിലെയും വസ്ത്രത്തിലെയും ഡി.എന്‍.എ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. 2016 ജൂണ്‍ 14ന് കേസിലെ പ്രതി അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ പ്രതിക്ക് വധശിക്ഷയും വിധിച്ചു.

വാഴക്കുളം എം.ഇ.എസ് കോളേജ് വിദ്യാര്‍ഥി നിമിഷയാണ് വീട്ടില്‍ കൊല്ലപ്പെട്ടത്. പ്രതിസ്ഥാനത്ത് മറുനാടന്‍ തൊഴിലാളിയും. അക്രമത്തില്‍ നിമിഷയുടെ പിതാവിനും പരിക്കേറ്റു. നിരവധി പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂരില്‍ ഒട്ടേറെ മറുനാടന്‍ തൊഴിലാളികളാണ് സ്ഥിരതാമസക്കാരായുള്ളത്. ഇവര്‍ക്കിടയില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരും ഏറെയുണ്ടെന്നതാണ് വസ്തുത. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നിടമായ പെരുമ്പാവൂരില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രദേശവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: